പെരിയ ഇരട്ടക്കൊലപാതകം: പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; മറ്റുള്ളവർക്ക് അഞ്ച് വർഷം തടവും പിഴയും

Written by Taniniram

Published on:

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ്. നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരാണിവർ.  പത്തും പതിനഞ്ചും പ്രതികള്‍ക്കും ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം മറ്റ് പ്രതികള്‍ക്ക് അഞ്ച് വർഷം തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.   കൊച്ചി സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി.   24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

കേസിൽ വിധി പറയുന്നതിന് മുന്‍പ് പ്രതികളെ ഒരിക്കല്‍ കൂടി കേള്‍ക്കണമെന്ന് പ്രതിഭാ​ഗത്തിനു വേണ്ടി ഹാജരായ അഡ്വ. സി.കെ ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി പ്രതികളുടെ ഭാ​ഗം കോടതി കേട്ടു. ഇവ‍ർ സ്ഥിരം കുറ്റവാളികളല്ലെന്ന് പ്രതിഭാ​ഗം വക്കീല്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, അപൂർവങ്ങളിൽ അപൂർവമായ കേസല്ലിതെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മനപരിവര്‍ത്തനത്തിനുള്ള അവസരം നല്‍കണം.  കേസില്‍ സാക്ഷികള്‍ നല്‍കിയ മൊഴികള്‍ സംശയാതീതമല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രിതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ 13 പേർ കൊല്ലപ്പെട്ട ഡൽഹി സ്ഫോടന കേസിൽ പോലും ഹൈക്കോടതി ജീവപര്യന്തം തടവ് ആണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം എതിർത്തത്. 

മൂന്ന് വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കൊച്ചി സിബിഐ കോടതി, പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷാ വിധി പ്രസ്താവിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി രണ്ടിനാണ് സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.  154 പ്രോസിക്യൂഷൻ സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 495 രേഖകളും, 85 തൊണ്ടിമുതലും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബോബി ജോസഫാണ് ഹാജരായത്. 2024 ഡി​സം​ബ​ർ 28ന് 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാണെന്ന് കോ​ട​തി വി​ധി പുറപ്പെടുവിച്ചു. പ്രതികളിൽ 10 പേ​രെ കൊ​ച്ചി സിബിഐ കോ​ട​തി വെ​റുതെ​വി​ട്ടു. ​കുറ്റക്കാരാണെന്ന് കണ്ടെത്തിയവരില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം ആറ് പേർ സിപിഎമ്മിന്‍റെ പ്രധാന നേതാക്കളാണ്.

See also  മാർപാപ്പ മാഹി പള്ളിയെ ബസിലിക്കയായി ഉയർത്തി

Leave a Comment