ഇന്ന് വൈകിട്ട് ശബരിമല സന്നിധാനത്ത് തങ്ക അങ്കി ഘോഷയാത്ര എത്തും. ഘോഷയാത്ര കടന്ന് വരുന്നതിനാൽ ഇന്ന് ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നതിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തുക.രാവിലെ 11.00 മണിക്കുശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചയ്ക്കു 1.30ന് പമ്പയിൽ എത്തി വിശ്രമിക്കുന്ന തങ്ക അങ്കി ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേക്കു തിരിക്കും. ഘോഷയാത്ര വൈകിട്ട് അഞ്ചുമണിയോടെ ശരം കുത്തിയിൽ എത്തിച്ചേർന്ന ശേഷമായിരിക്കും ഭക്തരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടുന്നത് പുനരാരംഭിക്കുക.
സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്കു ഒരു മണിക്ക് നട അടച്ചശേഷം മൂന്നുമണിക്കാണ് തുറക്കുന്നത്. 25ന് ഉച്ചപൂജയ്ക്കു ശേഷം നടഅടച്ചാൽ അഞ്ചുമണിക്കേ തുറക്കൂ. അഞ്ചുമണിക്കു നടതുറന്നാലും ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ദീപാരാധനയ്ക്കുശേഷമേ ഭക്തർക്കു ദർശനം സാധ്യമാകൂ.
വൈകിട്ട് 6.40നാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധാന. ദീപാരാധന കഴിഞ്ഞശേഷമായിരിക്കും ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കുക. തുടർന്നെത്തുന്ന എല്ലാവർക്കും തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പനെ കണ്ടു തൊഴാൻ അവസരം ഉറപ്പാക്കും. ഭക്തർക്കു സുഗമമായ ദർശനമൊരുക്കാൻ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പോലീസ് യൂണിറ്റുകൾ ഏകോപിച്ചുള്ള പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.