പരമ്പരാഗത കാനന പാതയിലൂടെ പ്രത്യേക പാസുമായി വന്ന ആദ്യ സംഘത്തെ സ്വീകരിച്ചു

Written by Taniniram

Published on:

അയ്യനെ കാണാന്‍ എരുമേലിയില്‍ നിന്ന് കാനന പാതയിലൂടെ വരുന്നവര്‍ക്ക് വനം വകുപ്പ് അനുവദിച്ച പ്രത്യേക പാസുമായി എത്തിയ ആദ്യ സംഘത്തെ നടപ്പന്തലില്‍ സ്വീകരിച്ചു. ആറംഗ സംഘമാണ്
ബുധനാഴ്ച രാവിലെ ഏഴിന് മുക്കുഴിയില്‍ നിന്ന് പാസുമായി 35-ഓളം കിലോമീറ്ററുകള്‍ നടന്ന് വൈകിട്ട് മൂന്ന് മണിയോടെ നടപ്പന്തലില്‍ എത്തിയത്. പതിനെട്ടാം പടിയ്ക്ക് സമീപം എഡിഎം അരുണ്‍ എസ് നായര്‍, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തീര്‍ത്ഥാടകരില്‍ അഞ്ച് പേര്‍ കോഴിക്കോട്, നരിക്കാട്ടേരി സ്വദേശികളും ഒരാള്‍ കണ്ണൂരുകാരനുമാണ്.

സത്രം വഴി കാനന പാതയിലൂടെ നടന്നു വരുന്നവര്‍ക്ക് വരി ഒഴിവാക്കി നേരെ പതിനെട്ടാംപടി വഴി ദര്‍ശനം അനുവദിക്കുന്ന സംവിധാനം നേരത്തെ ഉണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ എരുമേലി വഴി വരുന്നവര്‍ക്ക് കൂടി ലഭ്യമാക്കിയത്. പുതിയ പാസ് സംവിധാനം വലിയ അനുഗ്രഹമാണെന്ന് പാസുമായി എത്തിയ തീര്‍ത്ഥാടകര്‍ പറഞ്ഞു. കാനനപാതയിലൂടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പാസ് ഉപകാരപ്രദമാകും എഡിഎം

‘എരുമേലി വഴി കിലോമീറ്ററുകള്‍ താണ്ടി വരുന്നവര്‍ക്കും പ്രത്യേക പരിഗണന വേണമെന്ന നിര്‍ദ്ദേശം ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് എന്നിവരുടെ മുന്‍പാകെ കുറച്ചുകാലമായി ഉണ്ടായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന ഉന്നതതല യോഗം ഇത് ചര്‍ച്ച ചെയ്തു. മന്ത്രിയുടെയും ബോര്‍ഡിന്റെയും വിവിധ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്
എരുമേലി വഴി വരുന്നവര്‍ക്കും പാസ് അനുവദിച്ചത്. ഇവര്‍ക്ക് പരമ്പരാഗത പാത ഒഴിവാക്കി നടപ്പന്തലില്‍ എത്തി, അവിടെയുള്ള വരിയും ഒഴിവാക്കി നേരെ പതിനെട്ടാംപടി കയറി ദര്‍ശനം നടത്താം,’ എഡിഎം പറഞ്ഞു.

ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ മനോജ്, ഫോറസ്റ്റ് കണ്‍ട്രോള്‍ റൂം റേഞ്ച് ഓഫീസര്‍ ജി എസ് രഞ്ജിത്ത്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി ആര്‍ രാജീവ്, പോലീസ് ഇന്‍സ്‌പെക്ടര്‍ പി അനില്‍കുമാര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

See also  ശബരിമല ദര്‍ശനം നടത്തണമെന്ന ആവശ്യപ്പെട്ടുളള ഹര്‍ജിയുമായി 10 വയസുകാരി ഹൈക്കോടതിയില്‍; ഹര്‍ജി തളളി ഹൈക്കോടതി

Leave a Comment