വരകളിൽ വിസ്മയം തീർത്ത് നിയ നർഗീസ് എന്ന കുഞ്ഞുപ്രതിഭ

Written by Taniniram

Published on:

കെ.ആര്‍. അജിത

പ്രതിഭയുടെ അത്ഭുതമാണ് നിയ നര്‍ഗീസ് എന്ന കൊച്ചു ചിത്രകാരി. വരച്ച ചിത്രങ്ങള്‍ കാണുമ്പോള്‍ ചിത്രകല അഭ്യസിക്കാത്ത ഒരാള്‍ വരച്ചതാണോ? എന്ന് ആര്‍ക്കും അത്ഭുതം തോന്നാം.നാലാം ക്ലാസ് മുതല്‍ ചിത്രങ്ങള്‍ വരച്ച് മാതാപിതാക്കളെ അത്ഭുതപ്പെടുത്തി നിയ. ചിത്രകലയില്‍ ഒരു പാരമ്പര്യവും ഇല്ലാത്ത നിയ മത്സരിച്ച എല്ലാ ചിത്രകലാ മത്സരങ്ങളിലും ഒന്നാംസ്ഥാനം നേടി നാട്ടുകാരെയും അദ്ധ്യാപകരെയും ഇന്നും ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. മകളിലെ ചിത്രകലാ വാസനയെ പ്രോത്സാഹിപ്പിക്കാന്‍ ചിത്രകലാ അദ്ധ്യാപകരുടെ അടുത്ത് പഠിപ്പിക്കാന്‍ കൊണ്ടു വിട്ടപ്പോള്‍. അദ്ധ്യാപകന്‍ പറഞ്ഞത് നിയ എന്നേക്കാള്‍ നന്നായിട്ട് വരയ്ക്കുന്നു. ചിത്രകല പഠിപ്പിക്കേണ്ട എന്നാണ്. എന്നിട്ടും രക്ഷിതാക്കള്‍ ഡിജിറ്റല്‍ പെയ്ന്റിംഗ് പഠിപ്പിക്കാന്‍ അദ്ധ്യാപകനെ ഏര്‍പ്പെടുത്തി.

കുഞ്ഞിലേ നിയയ്ക്ക് പ്രകൃതി ദൃശ്യങ്ങളും ചുറ്റുപാടുമുള്ള പക്ഷികളും മറ്റുമാണ് ചിത്രകലയ്ക്കുള്ള വിഷയങ്ങള്‍. ഇപ്പോള്‍ ഡിജിറ്റല്‍ ആര്‍ട്ടും സ്വായത്തമാക്കി മനോഹര ചിത്രങ്ങള്‍ നിയ വരയ്ക്കുന്നു. കേരളത്തിലൂടനീളം ചിത്രകലാ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനം നേടിയിട്ടുണ്ട് ഈ കൊച്ചു കലാകാരി. വയലില്‍ പണിയെടുക്കാന്‍ പോകുന്ന സ്ത്രീ, കഥകളി, ക്ഷേത്രത്തില്‍ തെയ്യം കെട്ടിയാടുന്നത്. പെന്‍സില്‍ ഡ്രോയിങ്ങില്‍ കുട്ടികള്‍ ഒളിച്ചു കളിക്കുന്ന സീന്‍, തുടങ്ങി മിഴിവാര്‍ന്ന ചിത്രങ്ങള്‍ നിയയുടെ വിരല്‍തുമ്പില്‍ നിന്നും തുടിച്ചിറങ്ങിയവയാണ്. പെന്‍സില്‍ ഡ്രോയിങ്ങിലും വാട്ടര്‍ കളറിലും ഡിജിറ്റല്‍ പെയ്ന്റിങ്ങിലും ചിത്രം വരയ്ക്കുന്ന നിയക്ക്, ഏറെ വരയ്ക്കാനിഷ്ടം മനുഷ്യ നേത്രങ്ങളാണ്. തനിക്കു ചുറ്റുമുള്ളവരുടെ മനോഹരമായ മിഴികള്‍ വരച്ചു വെയ്ക്കുന്നത് ഇഷ്ടമാണെന്ന് നിയ പറയുന്നു. ചുറ്റുപാടുമുള്ള നിരീക്ഷണത്തില്‍ നിന്നും തന്റെ ചിത്രങ്ങള്‍ക്ക് വിഷയം ലഭിക്കാറുണ്ടെന്നും ഈ ഒമ്പതാംക്ലാസുകാരി പറയുന്നു. മതിലകം അല്‍ അക്‌സ പബ്ലിക് സ്‌കൂളില്‍ നിന്നും സിബിഎസ്ഇ കലോത്സവത്തിന് വര്‍ഷങ്ങളായും ഇത്തവണയും ചിത്രകലാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ മിടുക്കിയാണ് നിയ. മലപ്പുറം കോട്ടക്കലില്‍ നടത്തിയ ചിത്രകലാ മത്സരത്തില്‍ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടിയപ്പോള്‍ അവിടെ എത്തിയ മാതൃഭൂമിയിലെ ആര്‍ട്ടിസ്റ്റ് കെ വി.എം ഉണ്ണി ഒരു കാര്‍ട്ടൂണ്‍ ചിത്രം വരച്ച് നല്‍കിയത് ഇന്നും നിധി പോലെ സൂക്ഷിക്കുന്നു നിയ.

സ്‌കൂളില്‍ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത നടന്‍ രമേഷ് പിഷാരടിയ്ക്ക് അദ്ദേഹത്തിന്റെ ചിത്രം വരച്ച് നല്‍കിയതും അഭിമാന നിമിഷങ്ങളായിരുന്നുവെന്നും നിയക്കുട്ടി അറിയിച്ചു. ചിത്രകലയിലെ ഗുരുനാഥന്മാരായ സലീം, ഷമീം എന്നിവരോടുള്ള നന്ദിയും നിയ മറച്ചുവെക്കുന്നില്ല. ചിത്രകലയ്ക്കു പുറമമേ മറ്റു കലാരംഗത്തും നിയ തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട് . സിബിഎസ് ഇ കലോത്സവത്തലില്‍ നാടോടി നൃത്തത്തിലും ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ തരംഗമാകുന്ന റീല്‍സ് ചെയ്യുവാനും ഏറെ ഇഷ്ടപ്പെടുന്ന നിയയെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടു പോകുന്നത് അമ്മമ്മ സതിയാണ്. പത്താംക്ലാസ്സിനു ശേഷം സയന്‍സ് പഠിക്കാന്‍ ഇഷ്ടപ്പെടുന്ന നിയക്ക് ഫൈനാര്‍ട്‌സ് കോളേജില്‍ ചിത്രകലയും പഠിക്കാനും ഏറെ ആഗ്രഹമുണ്ട്. ചെന്ത്രാപ്പിന്നി സ്വദേശി പെരുവില്‍ അന്‍സാറിന്റെയും കെ.എസ് എഫ് ഇ ജീവനക്കാരിയുമായ സരിതയുടെയും ഏകമകളായ നിയയുടെ ചിത്രകലാ വളര്‍ച്ചയില്‍ സകല പ്രോത്സാഹനവും നല്‍കി കുടുംബവും സ്‌കൂള്‍ അദ്ധ്യാപകരും കൂട്ടുകാരും ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നു.

See also  മലയാളത്തിൻ്റെ അമൃത സ്വരത്തിന് ഇന്ന് എൺപത്തിനാലിൻ്റെ മധുരം

Related News

Related News

Leave a Comment