ഹൈദരാബാദ്: ഒരു രാത്രിയിലെ ജയില്‍വാസത്തിന് ശേഷം സൂപ്പര്‍ സ്റ്റാര്‍ അല്ലുഅര്ജുന് ജയില്‍ മോചിതനായി, ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ കഴിഞ്ഞശേഷം രാവിലെയാണ് താരം പുറത്തിറങ്ങിയത്. ജയിലിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയതിനാല്‍ പിന്നിലെ ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്.
പുഷ്പ 2 സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ അല്ലു അര്ജുന് അറസ്റ്റിലായത്.
തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് വൈകി എത്തിയ പശ്ചാത്തലത്തിലാണ് അല്ലുവിന് ജയിലില്‍ കഴിയേണ്ടി വന്നത്. ഏകദേശം രാത്രി 11 മണിയോടെയാണ് ഇടക്കാല ജാമ്യ ഉത്തരവ് ചഞ്ചല്‍ഗുഡ ജയില്‍ സൂപ്രണ്ടിന് ലഭിച്ചത്. തടവുപുള്ളികളെ രാത്രി വൈകി മോചിതരാക്കാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നില്ല. ജയിലിലെ എ1 ബാരക്കിലാണ് അല്ലു കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നാലാഴ്ച്ചത്തെ ജാമ്യം നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റുചെയ്തത്.