തിരുവല്ല: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്തരിച്ചു. നടി ആക്രമിച്ച കേസില്‍ വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ബാലചന്ദ്രകുമാര്‍. ഏറെ നാളായി ചികില്‍സയിലായിരുന്നു. വൃക്കരോഗമായിരുന്നു ബാലചന്ദ്രകുമാറിന്റെ മരണ കാരണം.
ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ബാലചന്ദ്രകുമാര്‍. സുമനസ്സുകളുടെ സഹായത്തോടെയായിരുന്നു ചികില്‍സ. ഇതിനിടെയാണ് മരണം ബാലചന്ദ്രകുമാറിനെ തേടിയെത്തുന്നത്. രണ്ട് വൃക്കകള്‍ക്കും രോഗം ബാധിച്ച അദ്ദേഹം ഹൃദയാഘാതവും വന്നതോടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടെങ്കിലും അതിന് വന്‍ പണച്ചിലവ് വരുന്ന സാഹചര്യമുണ്ടായിരുന്നു. കുറച്ചുകാലം മുമ്പ് കിഡ്നിയിലെ കല്ലിന് ചികിത്സ നടത്തിയതിന് ശേഷമാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ തലച്ചോറിലെ അണുബാധയും വൃക്കരോഗവും ഒക്കെയായി വലിയ പ്രതിസന്ധിയിലായി അദ്ദേഹം. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് എതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള ബാലചന്ദ്രകുമാര്‍ അസുഖമായിരുന്നിട്ടും കോടതിയില്‍ ഹാജരാകുകയും സാക്ഷി മൊഴി നല്‍കുകയും ചെയ്തിരുന്നു. പല സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ടു പോയത്. ഇതിനിടെ നിരന്തരം ഗുരുതരാവസ്ഥയിലെത്തി. ഒടുവില്‍ മരണവും.