ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുനതിന് കാരണമായ അമരൻ സിനിമയിലെ രംഗത്തിന് മാറ്റം വരുത്തി നിർമാതാക്കൾ. ചിത്രത്തിൽ നായികയായിരുന്ന സായി പല്ലവിയുടെ നമ്പരായി കാണിക്കുന്നത് തൻ്റെ ഫോൺ നമ്പരായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ചെന്നൈയിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിവി വാഗീശൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ചിത്രം റിലീസ് ചെയ്തതിന് ശേഷം സായി പല്ലവിയുടെ ആരാധകരിൽ നിന്നും തുടർച്ചയായി ഫോൺ കോളുകൾ വന്നു കൊണ്ടിരിക്കുകയാണ്. ആരാധകരുടെ ഫോൺ വിളി ശല്യം കാരണം താൻ പൊറുതിമുട്ടിയെന്ന് പറഞ്ഞ് നിർമ്മാതാക്കൾക്ക് വാഗീശൻ വക്കീൽ നോട്ടീസും അയച്ചിരുന്നു. പിന്നാലെ 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസും നൽകി. തൻ്റെ ആധാർ മുതൽ ബാങ്ക് അക്കൗണ്ടുകൾ വരെയുള്ള എല്ലാ കാര്യങ്ങളുമായി നമ്പർ ലിങ്ക് ചെയ്‌തിരിക്കുന്നു. അതിനാൽ തനിക്ക് നമ്പർ മാറ്റാൻ ബുദ്ധിമുട്ടുണ്ട്. സിനിമയിൽ നിന്ന് തൻ്റെ നമ്പർ ഉടൻ നീക്കം ചെയ്യണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
‘ഹേ മിന്നലേ’ എന്ന ഗാനത്തിലാണ് നായികയുടെ നമ്പരായി വാഗീശ്വരൻ്റെ നമ്പർ ഉപയോഗിച്ചത്. സായി പല്ലവിയുടെ കഥാപാത്രം ഒരു പേപ്പറിൽ ശിവകാർത്തികേയൻ അവതരിപ്പിച്ച നായക കഥാപാത്രത്തിന് നമ്പർ എഴുതി നൽകുന്നതാണ് ദൃശ്യത്തിലുള്ളത്. ഈ സീനാണ് പിന്നീട് വാഗീശൻ്റെ സ്വസ്ഥത കെടുത്തിയത്. നിയമ നടപടികൾ സ്വീകരിച്ചതിന് പിന്നാലെ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന സിനിമയിലും യുട്യൂബിൽ ഉള്ള മ്യൂസിക് വീഡിയോയിലും ഫോൺ നമ്പർ മങ്ങിച്ചിരിക്കുകയാണ് നിർമ്മാതാക്കളിപ്പോൾ. നിലവില്‍ കേസ് കോടതിയുടെ പരിഗണനയിൽ തുടരുമ്പോഴാണ് പുതിയ നീക്കം