ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നെന്ന് താരം പറഞ്ഞു. രേവതിയുടെ മരണത്തിൽ അല്ലു അനുശോചനം രേഖപ്പെടുത്തി. രേവതിയുടെ കുടുംബത്തിന് സാദ്ധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ബന്ധുക്കൾക്ക് 25 ലക്ഷം രൂപ ധനസഹായവും അല്ലു വാഗ്ദാനം ചെയ്തു.
ഈ വേദനയിൽ അവർ തനിച്ചല്ല, കുടുംബത്തെ നേരിട്ടു കാണും. എന്തൊക്കെയായാലും നഷ്ടം നികത്താനാവില്ല. അവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകും’- അല്ലു എക്സിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. തീയേറ്ററുകളിലേക്ക് പോകുമ്പോൾ ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അല്ലു വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയേറ്ററില്‍ പുഷ്പ രണ്ടാം ഭാഗത്തിന്റെ പ്രീമിയർ ഷോയ്ക്കിടെയായിരുന്നു അപകടം. ദിൽസുഖ് നഗർ സ്വദേശിനി രേവതിയാണ് (39) മരിച്ചത്. ഭര്‍ത്താവ് ഭാസ്കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി സിനിമ കാണാനെത്തിയത്. അല്ലു അര്‍ജുനെ കാണാന്‍ ആളുകള്‍ ഉന്തും തള്ളുമുണ്ടാക്കിയതോടെ രേവതിയും മകനും ഇതിനിടയില്‍ പെടുകയായിരുന്നു.