ഹൈക്കോടതിയുടെ ആന എഴുന്നള്ളിപ്പ് നിയന്ത്രണം: തൃശ്ശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് തിരുവനമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ

Written by Taniniram

Published on:

തൃശ്ശൂര്‍: ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഉത്തരവിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. നിയന്ത്രണം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം പ്രതിനിധികള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറിമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഈ ഘട്ടത്തില്‍ സുപ്രീം കോടതിയെ അപ്പീല്‍ ഹര്‍ജിയുമായി സമീപിക്കില്ലെന്നും ദേവസ്വങ്ങള്‍ പറഞ്ഞു.

ഈ മാസം 8 ന് വൈകിട്ട് 5 ന് ഇരുദേവസ്വങ്ങളിലെയും ക്ഷേത്ര പ്രതിനിധികളുടെ യോഗം ചേരും. പള്ളികളുടെ പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യും. പള്ളികളുടെ പെരുന്നാളുകള്‍ക്കും മറ്റ് മതാചാരങ്ങള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്നുണ്ട്. യോഗത്തിന് ശേഷം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ഉത്സവങ്ങള്‍ നടത്താന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. പകല്‍ സമയത്ത് എഴുന്നള്ളിപ്പ് പാടില്ലെന്ന കോടതി നിര്‍ദ്ദേശം നടപ്പാക്കിയാല്‍ ഉത്സവങ്ങള്‍ നടക്കില്ല. സംസ്ഥാന സര്‍ക്കാരിന് മാത്രമേ പ്രായോഗികമായി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് ബോധ്യമാണ് ദേവസ്വങ്ങള്‍ക്കുള്ളത്. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 1600 ഉത്സവങ്ങള്‍ ഉണ്ട്. പല രീതിയില്‍ ഈ ഉത്സവങ്ങള്‍ പ്രതിസന്ധിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തും എന്നാണ് പ്രതീക്ഷ. തിരുവമ്പാടി പറമേക്കാവ് ദേവസ്വങ്ങള്‍ വേല ആഘോഷത്തിന് വെടിക്കെട്ട് അപേക്ഷ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും സെക്രട്ടറിമാര്‍ പറഞ്ഞു.

See also  എഡിജിപി പി വിജയൻ സംസ്ഥാന ഇന്റലിജൻസ് മേധാവി

Leave a Comment