തൃശൂര്‍ : പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാനയെ രക്ഷിക്കാന്‍ മണിക്കൂറുകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം വിഫലമായി. കുട്ടിയാനയെ പുറത്തത്തിച്ച് ഉയര്‍ത്താനുള്ള ശ്രമമാണ് അവസാനം നടത്തിയതെങ്കിലും അതും ഫലം കണ്ടില്ല. കുട്ടിയാന സെപ്റ്റിക് ടാങ്കില്‍ നിന്നും എഴുന്നേല്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പിന്നീട് ചലനമറ്റു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയാന ചരിഞ്ഞുവെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
വീഴ്ചയില്‍ കുട്ടിയാനയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പാലപ്പള്ളിയില്‍ ആനക്കൂട്ടം സ്ഥിരമായി ഇറങ്ങുന്ന മേഖലയിലാണ് കുട്ടിയാന വീണതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുട്ടിയാന എപ്പോഴാണ് സെപ്റ്റിക് ടാങ്കില്‍ വീണതെന്ന് വ്യക്തമല്ല. രാവിലെ നാട്ടുകാരാണ് കുട്ടിയാനയെ സെപ്റ്റിക് ടാങ്കില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. ഒട്ടും വൈകാതെ തന്നെ ജെസിബി ഉപയോഗിച്ചു ടാങ്കിന്റെ വശം ഇടിച്ച ശേഷം കുട്ടിയാനയെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വിഴ്ചയില്‍ കുട്ടിയാനയുെട മസ്തക ഭാഗം ഒരു വശത്തേക്കു ചരിഞ്ഞിരുന്നു. റാഫി എന്നയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്.