കൊല്ലത്ത് സ്ത്രീധനം ആവശ്യപ്പെട്ട് നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. 10 വര്‍ഷം പ്രണയിച്ച ശേഷം വിവാഹം

Written by Taniniram

Published on:

കൊല്ലത്ത് സ്ത്രീധനം ആവശ്യപ്പെട്ട് നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതയായി വീട്ടിലെത്തിയ യുവതിക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂര പീഡനമേല്‍ക്കേണ്ടി വന്നത്. യുവതിയുടെ പരാതിയില്‍ പേരയം സ്വദേശി നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു.

ഒരാഴ്ച മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് മുന്‍പേ വരന്റെ വീട്ടുകാര്‍ വീടും സ്ഥലവും സ്വര്‍ണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കില്ലെന്ന് യുവതിയുടെ പിതാവ് അറിയിച്ചതോടെ ഈ ആവശ്യത്തില്‍ നിന്ന് അവര്‍ പിന്‍മാറി. 20 പവനാണ് യുവതിക്ക് വിവാഹസമ്മാനമായി നല്‍കാമെന്ന് വീട്ടുകാര്‍ അറിയിച്ചത്. നൂറുപവനാണ് ഭര്‍ത്താവും വീട്ടുകാരും ആവശ്യപ്പെട്ടത്.

വിവാഹിതയായി ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയുടെ പക്കല്‍ വാഗ്ദാനം ചെയ്ത ഇരുപത് പവന്‍ സ്വര്‍ണാഭരണം ഉണ്ടായിരുന്നല്ല. സ്വര്‍ണം എവിടെയന്ന് ചോദിച്ചാണ് ഉപദ്രവം തുടങ്ങിയത്. സ്വര്‍ണം പണയത്തിലാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവിന്റെ വിധം മാറി. നീ ആരോടു ചോദിച്ചിട്ടാടീ ഇതെല്ലാം ചെയ്തത് എന്ന് ചോദിച്ച് മര്‍ദനം തുടങ്ങി. കിടപ്പുമുറിയില്‍ വച്ചാണ് തലങ്ങും വിലങ്ങുമടിച്ചത്. മര്‍ദനമേറ്റ പാടുകളും ശരീരത്തിലുണ്ട്. ഒരാഴ്ചയോളം നിരന്തരമായി ഉപദ്രവിച്ചു. പാടുവരാതെ അടിക്കാനറിയാമെന്ന് പറഞ്ഞായിരുന്നു ഭര്‍ത്താവിന്റെ ഉപദ്രവം. മടുക്കുവോളം മര്‍ദിച്ച ശേഷം വിശ്രമിക്കും. തുടര്‍ന്ന് വീണ്ടുമെത്തി അടിക്കുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ കയ്യില്‍ കടിയേറ്റ പാടുകളുമുണ്ട്.

ഉപദ്രവം സഹിക്കാതായതോടെയാണ് യുവതി കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ സ്ത്രീധന പീഡനമെന്ന ആക്ഷേപം നിതിനും വീട്ടുകാരും നിഷേധിച്ചു.

See also 

Leave a Comment