ടെസ്റ്റ് ക്രിക്കറ്റില്‍ പോലും കണ്ണുംപൂട്ടി തകര്‍ത്തടിക്കുന്നൊരു ഓപ്പണറെ അതുവരെ ക്രിക്കറ്റ് ലോകം കണ്ടിട്ടേയില്ലായിരുന്നു. എല്ലാ ഇന്നിങ്‌സിലേയും ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് തുടങ്ങുന്ന സെവാഗിന്റെ ബാറ്റിങ് ശൈലി ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ബൗളര്‍മാരെ നിര്‍ഭയം നേരിട്ടിരുന്ന അതേ ശൈലിയിലാണ് ഇപ്പോള്‍ മകന്‍ ആര്യവീര്‍ സെവാഗും വീശുന്നത്.
കൂച്ച് ബെഹാര്‍ ട്രോഫിയില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ മേഘാലയക്കെതിരെ ഡല്‍ഹിയുടെ ഓപ്പണറായെത്തി 17കാരനായ ആര്യവീര്‍ സെവാഗ് അടിച്ചുകൂട്ടിയത് 297 റണ്‍സാണ്. ഷില്ലോങ്ങില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മേഘാലയ 260 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. മറുപടിയായി ഡല്‍ഹി 468 റണ്‍സാണ് അടിച്ചെടുത്തത്.
ഡല്‍ഹി ഓപ്പണര്‍മാരായ ആര്യവീറും അര്‍ണവ് എസ് ബുഗ്ഗയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത് 180 റണ്‍സിന്റെ കൂട്ടുകെട്ടാണ്. രണ്ടാം ദിനം അവസാനിച്ചപ്പോള്‍ 229 പന്തില്‍ നിന്ന് 200 റണ്‍സാണ് ആര്യവീര്‍ പുറത്താകാതെ നേടിയത്. മൂന്നാം ദിനം 297 റണ്‍സില്‍ പുറത്തായി. വിനൂ മങ്കാദ് ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ 49 റണ്‍സ് നേടിയിരുന്നു. യുവ ഡല്‍ഹി ബാറ്റര്‍ ഐപിഎല്ലിലും കണ്ണുവെക്കുന്നുണ്ടെന്നാണ് പിതാവ് വീരേന്ദര്‍ സെവാഗ് പറയുന്നത്.