മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും കേരളം അടക്കം 13 സംസ്ഥാനങ്ങളിലെ 46 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം ഇന്ന് അറിയാം. കേരളത്തിലെ വയനാട്, മഹാരാഷ്ട്രയിലെ നന്ദേദ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. രാവിലെ എട്ടു മുതലാണു വോട്ടെണ്ണല്‍. പത്തോടെ ഏകദേശ ഫലസൂചനകള്‍ അറിവാകും. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബിജെപി സഖ്യത്തിനു വിജയം പ്രവചിക്കുന്നുണ്ട് എക്‌സിറ്റ് പോളുകള്‍. എന്നാല്‍, ചില എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് സഖ്യത്തിനു സാധ്യത കല്‍പ്പിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാളിയതിനാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കാര്യമായ വിശ്വാസമര്‍പ്പിച്ചിട്ടില്ല ഇരുപക്ഷവും.
ഉത്തര്‍പ്രദേശ് 9, രാജസ്ഥാന്‍ 7, പശ്ചിമ ബംഗാള്‍ 6, അസം 5, പഞ്ചാബ് 4, ബിഹാര്‍ 4, കര്‍ണാടക 3, മധ്യപ്രദേശ് 2, കേരളം 2, ഛത്തിസ്ഗഡ് 1, ഗുജറാത്ത് 1, ഉത്തരാഖണ്ഡ് 1, മേഘാലയ 1 എന്നിങ്ങനെയാണ് ഉപതെരഞ്ഞെടുപ്പുകള്‍.
വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. തങ്ങളുടെ വോട്ടുകളെല്ലാം കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്നാണ് മുന്നണികളുടെ കണക്കു നിരത്തിയുള്ള അവകാശവാദം.
ഭരണവിരുദ്ധ വികാരമുണ്ടെന്ന് വിശ്വസിക്കുന്ന യുഡിഎഫ് സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 3 മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്.
പോളിങ് കുറഞ്ഞെങ്കിലും വയനാട്ടില്‍ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാലും പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്ര എന്നതില്‍ മാത്രമാണ് ആകാംക്ഷ.