തൃശൂര്‍ : ഡല്‍ഹിയുള്‍പ്പെടെയുളള പ്രമുഖ നഗരങ്ങള്‍ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോള്‍ ആശ്വാസമായി കേരളത്തിലെ തൃശൂര്‍. ദേശീയ വായുനിലവാര സൂചിക (എക്യുഐ) പ്രകാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് തൃശൂര്‍. ഇന്നലെ വൈകിട്ടത്തെ കണക്കുപ്രകാരം രാജ്യത്ത് നാലാം സ്ഥാനം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സൂചികയില്‍ 50 പോയിന്റോ അതില്‍ കുറവോ വരുന്ന സ്ഥലങ്ങളാണ് ‘നല്ല വായു’ ഉള്ളവ. തൃശൂരിന്റെ പോയിന്റ് 44.
നല്ല വായു’പട്ടികയില്‍ ഇന്നലത്തെ കണക്കുപ്രകാരം ആകെ 12 പട്ടണങ്ങളാണ് ഉള്ളത്. കേരളത്തില്‍നിന്ന് മറ്റു പട്ടണങ്ങളൊന്നും ഈ പട്ടികയില്‍ വന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങളില്‍നിന്നും വ്യവസായശാലകളില്‍നിന്നും വമിക്കുന്ന പുകയിലെ പിഎം (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍), നൈട്രജന്‍ ഡൈഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ തോത് അപകടകരമല്ലാത്ത തരത്തിലാണ് തൃശൂരില്‍.
ഏറ്റവും തിരക്കേറിയ സമയത്തുപോലും വാഹനപ്പുകയിലെ സൂക്ഷ്മകണങ്ങളായ പിഎമ്മിന്റെ (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) തോത് തൃശൂര്‍ നഗരത്തില്‍ ‘മോഡറേറ്റ്’ നിലയിലാണ്. ഐസോള്‍ (മിസോറം) ആണ് മലിനീകരണം ഏറ്റവും കുറഞ്ഞ നഗരം (26 പോയിന്റ്). നഗാവ് (അസം), വിജയപുര (കര്‍ണാടക), ഷില്ലോങ് (മേഘാലയ) എന്നിവയും (എക്യുഐ 37) തൃശൂരിനു മുന്നിലാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സൂചികയില്‍ തിരുവനന്തപുരത്തിന് 66 പോയിന്റ് ആണ്.