കാല്‍പ്പന്തുകളിയിലെ മിസിഹ സൂപ്പര്‍താരം ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുന്നു. കായികമന്ത്രി വി. അബ്ദുറഹ്‌മാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.വലിയ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതി തുടങ്ങിയവരുമായി സഹകരിച്ചാകും സര്‍ക്കാര്‍ മത്സരം സംഘടിപ്പിക്കുക.
അര്‍ജന്റീനാ ടീം അധികൃതര്‍ ഉടന്‍ കേരളത്തിലെത്തും. ഇവരുമായി ചര്‍ച്ച നടത്തി മത്സരം നടക്കുന്ന തീയതി സ്ഥലം എന്നിവ തീരുമാനിക്കും. മൈതാനം സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. 50,000 കാണികളെ ഉള്‍ക്കൊള്ളാനാകുന്ന സ്ഥലത്ത് വേണം മത്സരം നടത്താനെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവയ്ക്കും. കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷി കൂടുതലായതിനാല്‍ കൊച്ചിക്ക് പരിഗണന കിട്ടാനാണ് സാധ്യത.
രണ്ട് മത്സരങ്ങള്‍ കളിക്കാനാണ് നിലവില്‍ ധാരണയുണ്ടായിരിക്കുന്നത്. എതിര്‍ ടീം ഏതൊക്കെ എന്നതും ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനിക്കുക.