പാലക്കാട്: വീറും വാശിയും നിറഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ തലേ ദിവസവും വിവാദത്തിലേക്ക്. ഇന്ന് സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടി പത്രപരസ്യം നല്‍കികൊണ്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തെ നേരിടാന്‍ തയാറായിരിക്കുന്നത്. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തില്‍ ഒരു പരസ്യം എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയില്‍ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇതുകൊണ്ടാണ് ഇടതുപക്ഷ താല്‍പ്പര്യത്തില്‍ സംശയം കൂടുന്നത്.
മാര്‍ക്കറ്റിംഗ് ഫീച്ചര്‍ ശൈലിയിലാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാര്‍ത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എന്ന് പറയുന്നത്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്. സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വര്‍ഗീയ പരാമര്‍ശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന് തിരഞ്ഞെടുത്തത് മുസ്ലീം സമുദായത്തോടെ ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് പത്രത്തിലാണ്.
ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം’, ‘കാശ്മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ് ‘ എന്നീ തലക്കെട്ടുകളുകളുള്ള പരസ്യത്തില്‍ പൌരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുമെന്ന് സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയുടെ ചിത്രങ്ങളടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയെ ചെറുതായി വെടിവെച്ചു കൊന്നതാണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റമെന്ന ചാനല്‍ ചര്‍ച്ചയിലെ പ്രസ്താവനയും ചിത്രമുള്‍പ്പടെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണോ ജമാത്തെ ഇസ്ലാമിക്കാരും എസ്.ഡി.പി.ഐക്കാരും പറയുന്നതെന്നും പരസ്യത്തില്‍ ചോദിക്കുന്നു.