കൊച്ചി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന വയനാടും നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. പല പോളിങ് ബൂത്തുകളിലും നീണ്ട നിരയാണ്. സ്ഥാനാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി.
14 ലക്ഷം വോട്ടര്‍മാര്‍മാരാണ് വയനാട്ടില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്താനെത്തേണ്ടത്. 72.69 ശതമാനം പോളിങാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഇത്തവണ വര്‍ധനവുണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രഫണ്ട് ലഭിക്കാത്തത് മുതല്‍ പഴകിയ ഭക്ഷ്യക്കിറ്റ് വരെ പ്രചാരണ രംഗത്ത് ചര്‍ച്ചാ വിഷയമായി. പ്രിയങ്ക ഗാന്ധി ഈസി വാക്കോവര്‍ പ്രതീക്ഷിക്കുന്ന വയനാട്ടില്‍ ഒരു പാര്‍ട്ടിക്കും അട്ടിമറി സ്വപ്നങ്ങളില്ല. രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക ഉയര്‍ത്തുമോ എന്നതാണ് കോണ്‍ഗ്രസ് ഉറ്റു നോക്കുന്നത്.
കണക്കിലെ കളിയില്‍ ഇടതു മുന്നണിക്കാണ് ചേലക്കരയില്‍ മേല്‍ക്കൈ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെ 177 ബൂത്തുകളില്‍ 110 ല്‍ ഇടതുമുന്നണിയാണ് മുന്നില്‍ നിന്നത്. 64 എണ്ണത്തില്‍ യുഡിഎഫും 3 ഇടത്ത് എന്‍ഡിഎയും ലീഡ് നേടി. അവസാന 6 നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം എല്‍ഡിഎഫിനായിരുന്നു. 2021ലെ ജയം 39,400 വോട്ടിന്. എന്നാല്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ രാധാകൃഷ്ണന്റെ ലീഡ് 5,173 ആയി കുറഞ്ഞു. ഇതാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. ഒമ്പത് പഞ്ചായത്തുകളില്‍ 6 പഞ്ചായത്തുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപും എന്‍ഡിഎ സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണനും പ്രവര്‍ത്തകര്‍ക്കൊപ്പം മണ്ഡലത്തിലുടനീളം സന്ദര്‍ശനം നടത്തി.