വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട ടെയിൽ ഗേറ്റിങ്, മോട്ടോർ വാഹന വകുപ്പ് 3 സെക്കൻഡ് റൂൾ എന്താണ് ?

Written by Taniniram

Published on:

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടിയുണ്ടാകുമ്പോള്‍ ചര്‍ച്ചയാകുന്നത് മോട്ടോര്‍ വാഹനവകുപ്പിന്റെ ടെയില്‍ ഗേറ്റിങ് റൂള്‍. മുഖ്യമന്ത്രിയുടെ വാഹനവും എസ്‌കോര്‍ട്ട് വാഹനവുമടക്കം അഞ്ചുവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6. 30-നാണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരി റോഡിന്റെ വലതുവശത്തേക്ക് തിരിയാന്‍ ശ്രമിച്ചപ്പോള്‍, അവരെ ഇടിക്കാതിരിക്കാന്‍ പൈലറ്റ് വാഹനം ബ്രേക്കിട്ടതാണ് കൂട്ടയിടിക്ക് കാരണമായത്. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി.യെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുന്നിലുള്ള വാഹനത്തെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പിന്തുടരുന്ന ‘ടെയില്‍ ഗേറ്റിങ്’ എന്നുവിളിക്കുന്ന അപകടകരമായ ഡ്രൈവിങ്ങാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നടക്കുന്നത്.

ടെയില്‍ ഗേറ്റിങ്

റോഡില്‍ ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നതാണ് ടെയില്‍ ഗേറ്റിങ്. ഇത് അത്യന്തം അപകടമുണ്ടാവാന്‍ സാധ്യതയുള്ള പ്രവര്‍ത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകില്‍ ‘സേഫ് ഡിസ്റ്റന്‍സ് ” ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തന്റെ വാഹനം പോകുന്ന വേഗതയില്‍ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്‌ബോള്‍ വാഹനം സുരക്ഷിതമായി നില്‍ക്കാന്‍ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിന്റെ വേഗത, ബ്രേയ്ക്കിന്റെ എഫിഷ്യന്‍സി, ടയര്‍ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷന്‍ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

3 സെക്കന്റ് റൂള്‍

നമ്മുടെ റോഡുകളില്‍ 3 സെക്കന്റ് റൂള്‍ പാലിച്ചാല്‍ നമുക്ക് ‘സേഫ് ഡിസ്റ്റന്‍സ്’ ല്‍ വാഹനമോടിക്കാന്‍ കഴിയും. മുന്‍പിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു – സൈന്‍ ബോര്‍ഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോണ്‍ പോസ്റ്റ്, അല്ലെങ്കില്‍ റോഡിലുള്ള മറ്റേതെങ്കിലും മാര്‍ക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കന്റുകള്‍ക്ക് ശേഷമേ നമ്മുടെ വാഹനം A പോയിന്റ് കടക്കാന്‍ പാടുള്ളൂ. ഇതാണ് 3 സെക്കന്റ് റൂള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കന്റെങ്കിലും ആവണം.

See also  സുരേഷ് ഗോപിയ്ക്ക് എതിരായ ആരോപണം നേരറിയാൻ സിബിഐ ?

Leave a Comment