ലകനൗ (Luknow) : അയോദ്ധ്യ ദീപാവലി ആഘോഷങ്ങൾ ഗംഭീരമാക്കാൻ ഒരുങ്ങി. രാമക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ദീപാവലിയാണ് ഗംഭീരമാക്കാൻ ഒരുക്കുന്നത്. സരയൂ നദിക്കരയിൽ ദീപാവലി ദിവസം 28 ലക്ഷം മൺചെരാതുകൾ കത്തിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
55 ഘാട്ടുകളിലായി 30,000 വളണ്ടിയർമാർ ചെരാതുകളിൽ വെളിച്ചം പകരുന്നതിൽ പങ്കാളികളാകും. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സ് അധികൃതരും ചടങ്ങിൽ പങ്കെടുക്കും. ദീപാവലിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പുഷ്പാലങ്കാരങ്ങളും നടത്തും. ഒക്ടോബർ 30 ന് വൈകുന്നേരമായിരിക്കും വിളക്ക് കൊളുത്തുക.
ദർശനത്തിനായി ഒക്ടോബർ 29 മുതൽ നവംബർ ഒന്നുവരെ രാത്രിയും ക്ഷേത്രം തുറന്നിടും. കഴിഞ്ഞ വർഷം ദീപാവലി ദിവസം സരയൂ നദിക്കരയിൽ 25 ലക്ഷം വിളക്കുകൾ കൊളത്തി ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ആഘോഷങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറായതായി അധികൃതർ അറിയിച്ചു.