സൂപ്പര്‍ താരം സൂര്യ തമിഴകത്ത് അറിയപ്പെടുന്ന നടൻ ശിവകുമാറിന്റെ മകനാണ്. സിനിമയിലേക്ക് വരണമെന്ന് ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ സൂര്യ . അമ്മ എടുത്ത 25,000 രൂപയുടെ കടം വീട്ടുന്നതിനു വേണ്ടിയാണ് സിനിമയിലെത്തിയതെന്നും സൂര്യ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘അന്ന് ഞാൻ ഗാർമെന്റ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുകയായിരുന്നു. ട്രെയിനിയായി ജോലിയിൽ കയറി. 15 ദിവസത്തെ ജോലിക്ക് 750 രൂപയായിരുന്നു പ്രതിഫലം. ഏകദേശം മൂന്ന് വർഷത്തോളം ഞാൻ അവിടെ ജോലി ചെയ്തു. അപ്പോഴേക്കും എന്റെ ശമ്പളം 8,000 രൂപയായി ഉയർത്തിയിരുന്നു.സ്വന്തമായി ബിസിനസ് നടത്തണമന്നായിരുന്നു മോഹം.അന്ന് അഭിനയം എന്നത് അജന്‍ഡയിലുണ്ടായിരുന്നില്ല.എന്റെ അച്ഛൻ ഒരു കോടി രൂപയെങ്കിലും ഫാക്ടറിയിൽ നിക്ഷേപിക്കുമെന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു.പക്ഷേ അമ്മയുമായുള്ള ആ സംഭാഷണം എല്ലാം മാറ്റിമറിച്ചു
ഒരു ദിവസം അമ്മ എന്നോട് പറഞ്ഞു. ‘ 25,000 രൂപ കടം ഉണ്ട്, നിന്റെ അച്ഛന് അറിയില്ല’. അമ്മയുടെ സമ്പാദ്യം എവിടെ പോയി? നമ്മുടെ ബാങ്ക് ബാലൻസ് എന്താണ് എന്നെല്ലാം ഞാൻ ചോദിച്ചു. ബാങ്ക് ബാലൻസ് ഒരിക്കലും ഒരു ലക്ഷത്തിൽ കൂടുതലായിട്ടില്ല എന്നായിരുന്നു അമ്മയുടെ മറുപടി. അക്കാലത്ത്, അച്ഛന്‍ ആറ് മാസത്തിലധികമോ പത്ത് മാസത്തിലധികമോ തുടര്‍ച്ചയായി ജോലി ചെയ്തിരുന്നില്ല. അദ്ദേഹം ഒരിക്കലും തന്റെ ശമ്പളം ചോദിച്ച് വാങ്ങിയില്ല. നിർമ്മാതാക്കൾ പേയ്‌മെന്റ് ക്ലിയർ ചെയ്യുന്നതുവരെ അദ്ദേഹം കാത്തിരിക്കും.
അച്ഛൻ നടൻ ആയതിനാൽ തന്നെ അഭിനയിക്കാൻ ഒരുപാട് ഓഫറുകൾ ലഭിച്ചിരുന്നു. അമ്മ വാങ്ങിയ 25,000 രൂപ കടം തിരിച്ചുകൊടുക്കണം, കടം വീട്ടി, ഇനി ആശങ്കപ്പെടേണ്ട’ എന്ന് അമ്മയോട് പറയണമായിരുന്നു. അത് ഉദ്ദേശിച്ചാണ് സിനിമാ കരിയര്‍ തുടങ്ങിയത്. അതാണ് ഇന്ന് കാണുന്ന സൂര്യ – അദ്ദേഹം പറഞ്ഞു.