തിരുവനന്തപുരം : ഇടതുമുന്നണിയില്‍ വന്‍ ചര്‍ച്ചയ്ക്ക് തിരിതെളിച്ച് കോഴ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ കേസൊന്നും ആരും എടുത്തിട്ടില്ലെന്നതാണ് വസ്തുത. എന്‍സിപി (ശരദ് പവാര്‍) എംഎല്‍എ തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം അനുവദിക്കാതിരുന്നതിന് കാരണമായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്നാണ് സൂചന.
50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ തോമസ് കെ തോമസ് നീക്കം നടത്തിയിരുന്നുവെന്നാണ് ആക്ഷേപം.
ആരോപണം പൂര്‍ണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറി. അജിത് പവാറുമായി ഒരു ബന്ധവുമില്ല. ഇങ്ങനെയൊരു ചര്‍ച്ചയും നടന്നിട്ടില്ല. 50 കോടി വീതം വാഗ്ദാനം ചെയ്യാന്‍ ഞാനാരാണ് ? ഇത് കുട്ടനാട് സീറ്റില്‍ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണെന്ന് തോമസ് കെ തോമസ് പറയുന്നു. ആരോപണം ആന്റണി രാജു നിഷേധിക്കുന്നില്ല.
ഏകാംഗ കക്ഷി എംഎല്‍എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പിലെനിനിസ്റ്റ്) എന്നിവര്‍ക്ക് 50 കോടി വീതം തോമസ് വാഗ്ദാനം ചെയ്തെന്നാണു മുഖ്യമന്ത്രിക്കു ലഭിച്ച വിവരം. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപിയില്‍ (അജിത് പവാര്‍) ചേരാനായിരുന്നത്രേ ക്ഷണം. പിണറായി വിളിപ്പിച്ച് അന്വേഷിച്ചപ്പോള്‍ ആന്റണി രാജു വിവരം സ്ഥിരീകരിച്ചു. ഓര്‍മയില്ലെന്നായിരുന്നു കുഞ്ഞുമോന്റെ മറുപടി. ഇക്കാര്യത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ നടത്തുന്ന ഇനിയുള്ള പ്രതികരണം നിര്‍ണ്ണായകമാകും. മുഖ്യമന്ത്രി എന്നെ വിളിപ്പിച്ചുവെന്നും ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ടെന്നും ആന്റണി രാജു പറയുന്നു. തല്‍ക്കാലം കൂടുതല്‍ പ്രതികരിക്കാന്‍ സമയമായില്ലെന്നും അദ്ദേഹം പറഞ്ഞു.