ശവസംസ്കാര ചടങ്ങിനിടെ 8 മാസം പ്രായമുള്ള കുട്ടിയില്‍ ജീവന്‍റെ തുടിപ്പ്

Written by Web Desk1

Published on:

ബ്രസീലിലെ കൊറേയ പിന്‍റോയിൽ ശവസംസ്‌കാര ചടങ്ങിനിടെ 8 മാസം പ്രായമുള്ള പെൺകുഞ്ഞിൽ ജീവന്‍റെ തുടിപ്പ്. പക്ഷേ പ്രതീക്ഷകൾ ഊതിക്കെടുത്തി ഒരു മണിക്കൂറിന് ശേഷം വീണ്ടും കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചു. കിയാര ക്രിസ്ലെയ്ൻ ഡി മൗറ ഡോസ് സാന്‍റോസ് എന്ന പെൺകുഞ്ഞാണ് വൈറൽ അണുബാധയെ തുടർന്ന് മരണപ്പെട്ടത്. ശവസംസ്കാര ചടങ്ങിനിടെ കുട്ടിയുടെ ശരീരത്തില്‍ ചലനം കണ്ടതോടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതീക്ഷിക്ക് വകയില്ലെന്ന് ഡോക്ടർമാർ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം വീണ്ടും ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു.

2024 ഒക്ടോബർ 19 ന് വൈറൽ അണുബാധ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാലാണ് കിയാര മരിച്ചതെന്ന് ദ സൺ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യവിദഗ്ധർ വിശദമായ പരിശോധനകൾ നടത്തിയെങ്കിലും പൾസ് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ആദ്യം കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ ശവസംസ്കാര ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ തുടങ്ങി. ഇതിനിടെയാണ് അപ്രതീക്ഷിതമായി കുഞ്ഞ് ചലിച്ചത്. ഇതോടെ കുട്ടിയുമായി കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തുകയായിരുന്നു.

ഒക്‌ടോബർ 21 ന് ആയിരുന്നു കുട്ടിയുടെ ശവസംസ്കാര ചടങ്ങ്. ചടങ്ങുകൾക്കിടയിൽ കുടുംബാംഗങ്ങളിൽ ഒരാളുടെ വിരലിൽ കുഞ്ഞ് മുറുകെ പിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടൻതന്നെ കുടുംബം കിയാരയെ, ഫൗസ്റ്റിനോ റിസ്കറോളി ഹോസ്പിറ്റലിലെത്തിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം രണ്ടാം തവണയും കുട്ടിയെ പരിശോധിക്കുകയും ജീവൻ തിരിച്ചു പിടിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ അവൾ വീണ്ടും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ദുഃഖത്താല്‍ തകർന്നിരുന്ന തങ്ങൾക്ക് കിട്ടിയ പ്രതീക്ഷയുടെ നേരിയ കണികയായിരുന്നു ആ ജീവന്‍റെ തുടിപ്പെന്നും പക്ഷേ, അത് തിരികെ പിടിക്കാൻ സാധിച്ചില്ലെന്നും കിയാരയുടെ പിതാവ് ക്രിസ്റ്റ്യാനോ സാന്‍റോസ് പ്രാദേശിക മാധ്യമങ്ങളോട് വേദനയോടെ പങ്കുവെച്ചു.

ഈ ദാരുണമായ സംഭവത്തിൽ, ബ്രസീലിലെ സ്പെഷ്യലിസ്റ്റ് സയന്‍റിഫിക് പോലീസ് അധികാരികൾ മരണ പ്രഖ്യാപനങ്ങളിൽ പ്രസ്തുത ആശുപത്രിയിൽ ഉപയോഗിച്ച നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. കുട്ടിയുടെ മരണം രണ്ട് തവണ സ്ഥിരീകരിച്ചതില്‍ ആശുപത്രി ഭരണകൂടം തങ്ങളുടെ പങ്ക് അംഗീകരിച്ചു. ഒപ്പം കിയാരയുടെ ദുഃഖിതരായ കുടുംബത്തോട് മാപ്പ് പറഞ്ഞു. കുട്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ആശുപത്രി അധികൃതര്‍ മരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കർശനമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകി, സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ അന്വേഷണം നടത്തുമെന്ന് പ്രാദേശിക ഭരണകൂടവും അറിയിച്ചു.

See also  ചരിത്രം കുറിച്ച് ISRO; എക്സ്പോസാറ്റ് വിക്ഷേപിച്ചു

Leave a Comment