തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിര (Government Guest House) ങ്ങളുടെ വാടക വര്‍ധിപ്പിച്ച് ഉത്തരവ് ഇറക്കി ടൂറിസം വകുപ്പ് (Department of Tourism).
നിരക്ക് വര്‍ധനവോടെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലും യാത്രി നിവാസുകളിലും മുറിയെടുക്കാന്‍ ഇനി തുക കൂടുതല്‍ ചിലവഴിക്കേണ്ടിവരും. എസി മുറികളുടെ വാടക നിലവിലുള്ളതിന്റെ ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്.
കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒഴികെയുള്ള സംസ്ഥാനത്തെ മറ്റു സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളുടെയും കേരള ഹൗസുകളുടെയും നിരക്കിലാണ് മാറ്റം വരുത്തിയത്. ഓരോ സ്ഥലത്തെയും ഗസ്റ്റ് ഹൗസുകളിലെ നിരക്ക് വര്‍ധനവിലും വ്യത്യാസമുണ്ട്.നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം.
2013നുശേഷം ഗസ്റ്റ് ഹൗസുകളുടെയും യാത്രിനിവാസുകളുടെയും കോണ്‍ഫറന്‍സ് ഹാളുകളുടെയും കേരള ഹൗസുകളുടെയും നിരക്ക് പുനക്രമീകരിച്ചിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ടാണ് നടപടി.
ഒരോയിടത്തും എസി മുറിയുടെ നിരക്കില്‍ 800 രൂപ മുതല്‍ 1200 രൂപയിലധികം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ എസി സിംഗിള്‍ മുറിയുടെ നിരക്ക് 700 രൂപയില്‍ നിന്ന് 1200 രൂപയായും എസി ഡബിള്‍ റൂമിന്റെ നിരക്ക് 1000 രൂപയില്‍ നിന്ന് 1800 രൂപയായും എസി സ്യൂട്ട് മുറിയുടെ നിരക്ക് 2000 രൂപയില്‍ നിന്ന് 3300 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്