കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ദിവ്യയെ പ്രതി ചേര്‍ത്ത് ഇന്നലെ കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ അറസ്റ്റു ഭീതിയിലാണ് നേതാവ്. നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും പോലീസ് സംഘം രേഖപ്പെടുത്തും.
അതേസമയം കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. അതിനിടെ ഹൈക്കോടതിയെ സമീപിച്ചു മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ദിവ്യ. കേരളം ഏറെ വൈകാരികമായിയാണ് എഡിഎം നവീന് ഇന്നലെ വിട നല്‍കിയത്. ഉപതിരഞ്ഞെടുപ്പു കൂടി അടുത്ത പശ്ചാത്തലത്തില്‍ ദിവ്യയെ കൈവിടാന്‍ സിപിഎം നിര്‍ബന്ധിതരായിരുന്നു.
അതേസമയം പ്രശാന്തന്‍ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലന്‍സിന്റെ കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും. പ്രശാന്തന്റെ പരാതി അടക്കം വ്യാജമാണെന്ന് സൂചനകളുണ്ട്. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പി പി ദിവ്യ ജില്ലാ അധ്യക്ഷ സ്ഥാനം രാജിവെച്ചതുകാണ്ട് കാര്യമില്ല, പൊലിഞ്ഞ ജീവന്‍ തിരിച്ച് കൊടുക്കാന്‍ സാധിക്കുമോയെന്നും വി ഡി സതീശന്‍ ചോദിച്ചു. പി പി ദിവ്യക്കെതിരായ സിപിഐഎം നടപടിക്ക് പിന്നാലെയാണ് പ്രതികരണം.