കണ്ണൂർ (Kannoor) : എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രണ്ട് ദിവസമായി വീട്ടിൽ തന്നെ. ബിജെപിയും യൂത്ത് കോൺഗ്രസും വീട്ടിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാൽ രാവിലെ മുതൽ സിപിഎം പ്രവർത്തകർ ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കാൻ എത്തിയിരുന്നു.
സിപിഎം നേതാവ് കൂടിയായ പിപി ദിവ്യയുടെ ഇരിണാവിലെ വീടിന് സമീപത്തെ സിപിഎം പ്രവർത്തകരാണ് സംഘടിതമായി സംരക്ഷണമൊരുക്കി എത്തിയത്. വീട്ടിലേക്കുളള പോക്കറ്റ് റോഡ് തുടങ്ങുന്ന ഭാഗത്ത് പ്രവർത്തകർ സംഘടിച്ചതോടെ പൊലീസ് ആ ഭാഗത്തേക്ക് വാഹനം അടുപ്പിച്ചിട്ട് സിപിഎം പ്രവർത്തകരെ തടഞ്ഞു. അതേസമയം സിപിഎം പ്രവർത്തകർ പ്രതിരോധവുമായി രംഗത്തെത്തിയിട്ടും ബിജെപി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തി. കണ്ണപുരം പാലത്തിനു സമീപം പോലീസ് തടഞ്ഞു.
ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസും ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുളളക്കുട്ടിയും പരിപാടിയിൽ പങ്കെടുത്തു. ധിക്കാരവും ധാർഷ്ട്യവും തന്റേടവും കാണിക്കാൻ വേണ്ടിയാണ് കളക്ടറേറ്റിൽ നടന്ന ജീവനക്കാരുടെ പരിപാടിയിൽ ക്ഷണിക്കാതെ പിപി ദിവ്യ പങ്കെടുക്കാൻ പോയതെന്ന് എൻ ഹരിദാസ് ആരോപിച്ചു. എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിയിൽ കാലന്റെ വേഷമിട്ടാണ് പിപി ദിവ്യ പങ്കെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിപി ദിവ്യയെ സംരക്ഷിക്കുന്നതിൽ സിപിഎമ്മിൽ തന്നെ ഭിന്നതയുണ്ട്. നവീൻ ബാബുവിന്റെ പാർട്ടി ബന്ധം കൂടി പുറത്തുവന്നതോടെ പിപി ദിവ്യയുടെ പെരുമാറ്റം നിലവിട്ടുപോയെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. പിപി ദിവ്യയെ തളളുന്ന നിലപാടാണ് നവീൻ ബാബുവിന്റെ സ്വദേശമായ പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം സ്വീകരിക്കുന്നത്.
യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ സിപിഎം പത്തനംതിട്ട ജില്ലാസെക്രട്ടറി കെപി ഉദയഭാനു തുറന്നുപറയുകയും ചെയ്തിരുന്നു. സംഭവമുണ്ടായതിന് ശേഷം പിപി ദിവ്യ പൊതുവേദിയിൽ എത്തിയിട്ടില്ല. മാദ്ധ്യമപ്രവർത്തകർ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല.
ഇന്നലെ ജില്ലാ പഞ്ചായത്തിലേക്ക് ഉൾപ്പെടെ ബിജെപിയും യുവമോർച്ചയും പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ദിവ്യയുടെ വീട്ടിലേക്കും പ്രതിഷേധം പ്രഖ്യാപിച്ചത്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താലും പ്രഖ്യാപിച്ചിരുന്നു.