തിരുവനന്തപുരം (Thiruvananthapuram) : പത്ത് പുതിയ പ്രീമിയം എസി സൂപ്പർഫാസ്റ്റ് ബസുകൾ നിരത്തിലിറക്കി KSRTC സ്വിഫ്റ്റ്. സുരക്ഷിത യാത്രയ്‌ക്ക് നിരവധി പുതിയ സജ്ജീകരണങ്ങളോട് കൂടിയാണ് ബസുകൾ പുറത്തിറക്കിയിരിക്കുന്നത്. നിറത്തിലും എഴുത്തിലും സീറ്റുകളുടെ ക്രമീകരണത്തിലും സൗകര്യത്തിലുമെല്ലാം അടിമുടി മാറ്റങ്ങൾ വരുത്തിയാണ് ബസിന്റെ രൂപകൽപന. ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ മകൻ ആദിത്യ ഗണേഷും സുഹൃത്ത് കരമന സ്വദേശി അമൽ ജോക്കിനും ചേർന്നാണ് KSRTC സ്വിഫ്റ്റ് പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസിന്റെ ഡിസൈൻ തയാറാക്കിയത്.
പച്ച, വെള്ള, നീല നിറങ്ങൾ ഇടകലർത്തിയുള്ള കളർ തീം ആണ് ബസിലെ എഴുത്തുകൾക്കും സീറ്റുകളും വാതിലുകൾക്കുമെല്ലാം നൽകിയിരിക്കുന്നത്. ഡ്രൈവറുടെ മുഖഭാവത്തിൽ നിന്ന് ഉറക്കത്തിന്റെ ലക്ഷണം കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന അലർട്ട് സംവിധാനം ബസിലുണ്ട്. കൂടാതെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയോ ചെയ്താൽ AI ഉപയോഗിച്ചുള്ള ക്യാമറ സംവിധാനത്തിലൂടെ ബസിലും കൺട്രോൾ റൂമിലും വിവരം കൈമാറാം.
യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യമുണ്ട്. കൂടുതൽ ഡാറ്റ ആവശ്യമാണെങ്കിൽ പണമടച്ചും ഉപയോഗിക്കാം. എല്ലാ സീറ്റിലും വായനയ്‌ക്കുള്ള റീഡിങ് ലൈറ്റ്, മൊബൈൽ ചാർജിങ് പോർട്ടുകൾ , വീഡിയോ ഡിസ്പ്ലേ, മ്യൂസിക് സിസ്റ്റം, മാഗസിൻ പൗച്ച്, ബോട്ടിൽ വയ്‌ക്കാനുള്ള സൗകര്യം എന്നിവയുണ്ട്.
40 സീറ്റുകളാണ് ബസിലുള്ളത്. റിക്ലൈനിങ് സീറ്റുകൾ ആയതിനാൽ ഇഷ്ടാനുസരണമുള്ള പൊസിഷനിൽ ഇരുന്ന് യാത്ര ചെയ്യാം. എല്ലാ സീറ്റിലും സെറ്റ് ബെൽറ്റുകളും ഉണ്ട്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള റൂട്ടുകളിലാണ് ദീർഘദൂര സർവീസുകൾ നടത്തുന്നത്. നിലവിൽ 5 ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്.