ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) സൈബര്‍ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായി നടി രശ്മിക മന്ദാനയെ നിയമിച്ചു. സൈബര്‍ ലോകത്തെ ഭീഷണികളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും രാജ്യവ്യാപക കാമ്പെയ്നിന് രശ്മിക നേതൃത്വം നല്‍കും.
I4C യുടെ ബ്രാന്‍ഡ് അംബാസഡറായി തന്നെ നിയമിച്ച വിവരം വീഡിയോ സന്ദേശത്തിലൂടെയാണ് നടി വെളിപ്പെടുത്തിയത്. ‘നമുക്കും ഭാവി തലമുറകള്‍ക്കുമായി സുരക്ഷിതമായ സൈബര്‍ ഇടം കെട്ടിപ്പടുക്കാന്‍ നമുക്ക് ഒന്നിക്കാം. I4C-യുടെ ബ്രാന്‍ഡ് അംബാസഡറുടെ റോള്‍ ഏറ്റെടുക്കുമ്പോള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകാതെ പരമാവധി ആളുകളെ ബോധവല്‍ക്കരിക്കാനും സംരക്ഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു’- രശ്മിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരയെന്ന നിലയില്‍ രശ്മികയുടെ വ്യക്തിപരമായ അനുഭവങ്ങള്‍ ഈ ചുമതല ഏറ്റെടുക്കുന്നതിന് കരുത്ത് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. രശ്മികയുടെ പേരില്‍ ഒരു ഡീപ് ഫേക്ക് വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ ഉത്തരവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.