വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ അന്തരിച്ചു

Written by Taniniram

Published on:

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ അമരക്കാരനുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. ഇന്നലെ അര്‍ധരാത്രി മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന്‌ നാലു ദിവസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടാറ്റാ ഗ്രൂപ്പിനെ വിസ്‌മയിപ്പിക്കുന്ന വളര്‍ച്ചയിലേക്കു നയിച്ച അമരക്കാരനായിരുന്നു രത്തന്‍ ടാറ്റ. ഇന്ത്യയിലെ കാര്‍ നിര്‍മാണത്തില്‍ വിപ്ലവം സൃഷ്‌ടിച്ച വ്യവസായിയാണ്‌ അദ്ദേഹം. 1937 ഡിസംബര്‍ 28-ന്‌, ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനിയുടെയും മകനായി മുംബൈയില്‍ ജനിച്ച അദ്ദേഹം 1961ല്‍ ജംഷഡ്‌പുരിലെ ടാറ്റ സ്‌റ്റീല്‍ ലിമിറ്റഡില്‍ ജോലിക്കാരനായി തുടക്കം കുറിച്ചു. രത്തൻ ടാറ്റ അവിവാഹിതനാണ്.

1991-ല്‍ ടാറ്റാ ഗ്രൂപ്പ്‌ ചെയര്‍മാനായ അദ്ദേഹം 2012 വരെ ഈ സ്‌ഥാനം വഹിച്ചു. 2016ല്‍ ടാറ്റ ഗ്രൂപ്പ്‌ ചെയര്‍മാനായിരുന്ന സൈറസ്‌ മിസ്‌ത്രിയെ പുറത്താക്കിയതോടെ ഇടക്കാല ചെയര്‍മാനായി വീണ്ടും ടാറ്റയിലെത്തിയ അദ്ദേഹം 2017 വരെ തുടര്‍ന്നു. ആറു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം.

2000ൽ പദ്മഭൂഷണും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. രത്തൻ ടാറ്റയുടെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച കാറുകൾ ടാറ്റ പുറത്തിറക്കിയത്.

See also  ഇന്ത്യൻ വ്യവസായത്തിന്റെ അതികായകൻ രത്തൻ ടാറ്റയുടെ നിങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന 10 വാചകങ്ങൾ

Related News

Related News

Leave a Comment