സാംസ്‌കാരിക നഗരത്തിന് വമ്പൻ പദ്ധതികളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശ്ശൂർ റെയിൽവേ സ്‌റ്റേഷൻ ഇനി ‘വിമാനത്താവള’ മാകും…

Written by Web Desk1

Published on:

തൃശ്ശൂർ (Thrisur) : തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ അടിമുടി മാറ്റത്തിനൊരുങ്ങി. അത്യാധുനിക സൗകര്യങ്ങളോടുകൂടി റെയിൽവേ സ്‌റ്റേഷൻ നവീകരിക്കാൻ ധാരണയായി. കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടായത്.

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതിയ്ക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ കെട്ടിടത്തിന്റെ രൂപ രേഖയിൽ തീരുമാനം ആയിരുന്നില്ല. ഇതിൽ സുരേഷ് ഗോപി ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. ഈ മാറ്റങ്ങൾ കൂടി ഉൾക്കൊണ്ടാണ് പുതിയ തീരുമാനം. പദ്ധതി പ്രകാരം റെയിൽവേ സ്റ്റേഷന്റെ നവീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

തൃശ്ശൂരിന്റെ സാംസ്‌കാരിക തനിമയും പ്രൗഢിയും ഒട്ടും ചോരാത്ത തരത്തിലുള്ള വികസനമാണ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവരുന്നത്. 390.53 കോടി രൂപ ചിലവിട്ട് നിർമ്മിയ്ക്കുന്ന ഈ പദ്ധതി പൂർത്തിയാകുമ്പോഴേയ്ക്കും റെയിൽവേ സ്‌റ്റേഷൻ വിമാനത്താവളങ്ങൾക്ക് സമാനമാകും. വിമാനത്താവളങ്ങളിലേതിന് സമാനമായ സൗകര്യങ്ങൾ റെയിൽവേ സ്‌റ്റേഷനിൽ ഒരുക്കും.

യാത്രികർക്ക് വരാനും പോകാനും വ്യത്യസ്ത കവാടങ്ങൾ ആകും റെയിൽ വേ സ്‌റ്റേഷനിൽ ഉണ്ടാകുക. മൂന്ന് നിലകളിലായിട്ടാകും റെയിൽവേ സ്‌റ്റേഷന്റെ നിർമ്മാണം. താഴത്തെ നിലയിൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ടിക്കറ്റ് കൗണ്ടറും മറ്റ് സൗകര്യങ്ങളും രണ്ടാം നിലയിൽ ആയിരിക്കും. റെയിൽ വേ സ്റ്റേഷനോട് ചേർന്ന് താമസ സൗകര്യത്തിനായി ഹോട്ടൽ നിർമ്മിക്കാനും തീരുമാനം ഉണ്ട്.

നിലവിൽ നാല് പ്ലാറ്റ്‌ഫോമാണ് റെയിൽ വേ സ്‌റ്റേഷനിൽ ഉള്ളത്. ഇത് അഞ്ചാകും. 100 വർഷത്തെ ആവശ്യങ്ങൾ മുൻപിൽ കണ്ടുകൊണ്ടാണ് ഇവിടെ സൗകര്യങ്ങൾ ഒരുക്കുന്നത്. റെയിൽവേ സ്‌റ്റേഷന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ തൃശ്ശൂർ നഗരം ദേശീയ തലത്തിൽതന്നെ ശ്രദ്ധയാകർഷിക്കുമെന്ന് ഉറപ്പാണ്.

See also  ദേവസ്വം ഫണ്ട് സര്‍ക്കാര്‍ എടുക്കുന്നോ? 528 കോടി രൂപയുടെ കണക്കുമായി മന്ത്രി കെ.രാധാകൃഷ്ണന്‍

Leave a Comment