മന്ത്രി പിണറായി വിജയന്റെ പേരില്‍ ദി ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ വഴിത്തിരിവ്. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ പ്രതികരണവുമായി ‘ദി ഹിന്ദു’ ദിനപത്രം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ നിന്ന് നിന്ന് വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്ന് ‘ദി ഹിന്ദു’ അറിയിച്ചു. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി പ്രതിനിധികള്‍ എഴുതി നല്‍കിയതാണ്. മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നുവെന്നും ‘ദി ഹിന്ദു’ കുറിപ്പില്‍ അറിയിച്ചു.
മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്. കൈസേന്‍ എന്ന പി ആര്‍ ഏജന്‍സി നല്‍കിയ അഭിമുഖം പരിശോധന നടത്താതെ പ്രസിദ്ധീകരിച്ചതാണ് പത്രത്തിന് പണി കിട്ടിയത് എന്നാണ് വിശദീകരണം. 123 കോടി ഹവാലപണവും 150 കിലോ സ്വര്‍ണവും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ മലപ്പുറത്തു നിന്ന് പിടിച്ചു. ഇവ സംസ്ഥാനത്തിനും കേന്ദ്രത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നാണ് മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ഹിന്ദു നല്‍കിയ അഭിമുഖം.