ഒക്ടോബർ 2 ന് പിതൃ പ്രീതികരമായ മഹാലയ അമാവാസി; ഈ ദിവസം ചെയ്യേണ്ടതെന്തൊക്കെ?

Written by Web Desk1

Published on:

ഒക്ടോബർ 2 നാണ് മഹാലയ അമാവാസി ആചരിക്കുന്നത്. പിതൃ തർപ്പണത്തിനും, പിതൃ ശുദ്ധി ക്രിയകൾക്കും വിശേഷപ്പെട്ട കാലമായ മഹാലയ / മഹാളയ പക്ഷത്തിന്റെ അന്ത്യം സൂചിപ്പിക്കുന്ന മഹാലയ അമാവാസി.

ആശ്വിന മാസത്തിലെ കൃഷ്ണപക്ഷത്തെയാണ് മഹാലയപക്ഷം എന്ന് വിശേഷിപ്പിക്കുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം പിതൃ ശ്രാദ്ധ വിഷയത്തിൽ കർക്കിടക വാവിന് എത്രത്തോളം പ്രാധാന്യം ഉണ്ടോ, അതുപോലെയാണ് ഉത്തര ഭാരതത്തിൽ മഹാലയപക്ഷവും മഹാലയ അമാവാസിയും. ചോറും എള്ളും കൂട്ടി ബലിയിടുവാനും, കാക്കകൾക്ക് അന്നം നൽകുന്നതിനും, തീർത്ഥ സ്നാനത്തിനും, ജല തർപ്പണത്തിനും ഈ ദിനങ്ങൾ ഉത്തമമത്രേ.

മരണാനന്തരം ഓരോ ജീവാത്മാവും പ്രേതാവസ്ഥയെ പ്രാപിക്കുന്നു എന്നും, ശേഷം പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി പിന്നീട് പിതൃക്കൾ ആയി തീരുന്നു എന്നാണ് ഋഷിവചനം.ഈ പിതൃക്കളുടെ തൃപ്തിക്കായി നിശ്ചിത വേളകളിൽ ശ്രാദ്ധദാനാദികൾ ചെയ്യേണ്ടത് പിന്തലമുറയുടെ കടമയാണ് എന്ന് ധർമ്മശാസ്ത്രങ്ങൾ അനുശാസിക്കുന്നു. ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുന്നതിലൂടെ പിതൃക്കളുടെ അനുഗ്രഹത്തിന് നാം പാത്രീഭൂതരാകുന്നു.

ഹൈന്ദവ വിശ്വാസമനുസരിച്ച്, മരിച്ചവരുടെ ആത്മാക്കൾ ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള പിതൃ ലോകത്തിലാണ് വസിക്കുന്നത്, പിതൃ പക്ഷ സമയത്ത് അവർ അവരുടെ പിൻഗാമികളെ സന്ദർശിക്കുന്നു. ഈ ആത്മാക്കൾക്ക് മോക്ഷം കൈവരിക്കാൻ മഹാലയ അമാവാസിയിൽ പിതൃ പ്രീതികരമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് ശുഭകരമാണ്.മരിച്ച് 15 ദിവസത്തിനുള്ളിൽ പൂർവ്വികരുടെ ശ്രാദ്ധം നടത്താൻ കഴിയാത്ത ഭക്തർക്ക് അല്ലെങ്കിൽ പൂർവ്വികരുടെ മരണ തീയതി അറിയില്ലെങ്കിൽ, മഹാലയ അമാവാസി നാളിൽ തർപ്പണം നടത്താം.

നവരാത്രിക്ക് തൊട്ടുമുമ്പുള്ള കറുത്തവാവ് “മഹാലയ അമാവാസി” യാണ്.അന്നേ ദിവസം അന്നദാനം നടത്തുന്നത് പരമമായ പുണ്യമായി കണക്കാക്കപ്പെടുന്നു. തർപ്പണവും ശ്രാദ്ധവുമാണ് മഹാലയ അമാവാസിയുടെ പ്രധാന ചടങ്ങുകൾ.

അന്നദാനം കൂടാതെ പൂർവികരുടെ സന്ദേശവാഹകരായി കണക്കാക്കപ്പെടുന്ന കാക്കകൾക്ക് ഭക്ഷണം നൽകൽ, പൂർവ്വികരുടെ പേരിൽ ദരിദ്രർക്ക് ദാനം ചെയ്യൽ എന്നിവ ഈ ദിവസം ചെയ്യേണ്ടതാണ്. എല്ലാ പുണ്യ തീർത്ഥങ്ങളിലും ശ്രാദ്ധ കർമ്മങ്ങൾ നടക്കുന്നു. മഹാലയ അമാവാസിയിൽ വ്രതമെടുക്കുന്നതും നല്ലതാണ്.

മഹാലയ അമാവാസി ദിനത്തിൽ “ഓം നമോ നാരായണായ” എന്ന മന്ത്രം 108 ഉരു ജപിക്കുന്നത് ശ്രേയസ്‌ക്കരമാണ്.

“അനാദി നിധനോ ദേവ ശംഖ ചക്ര ഗദാധര
അക്ഷയപുണ്ഡരീകാക്ഷ പ്രേത മുക്‌തി പ്രദോ ഭവ:” ഈ ശ്ലോകം മഹാലയ അമാവാസിയിൽ ജപിക്കുന്നതും പിതൃ മോക്ഷദായകമാണ്.

Leave a Comment