അൻവറിനെതിരായ നടപടികൾ വേഗത്തിൽ ഫോൺ ചോർത്തൽ കേസിൽ ചോദ്യം ചെയ്യും; കക്കാടംപൊയിലിൽ അൻവറിന്റെ പാർക്കിലെ തടയണ പൊളിക്കും

Written by Taniniram

Published on:

മലപ്പുറം: പിവി അന്‍വര്‍ ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടിയതോടെ അന്‍വറിനെതിരെയുളള നടപടികള്‍ ശക്തമാകുകയാണ് സിപിഎം. മലപ്പുറം ജില്ലയിലെ കക്കാടംപൊയിലില്‍ പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ടെണ്ടര്‍ വിളിക്കാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിച്ചു. തടയണ പൊളിക്കാന്‍ എട്ട് മാസം മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അന്‍വര്‍ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.

ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ പി.വി. അന്‍വറിനെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കോട്ടയം കറുകച്ചാല്‍ പൊലീസ് നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്നായിരുന്നു പരാതി.

Leave a Comment