ഹിസ്ബുള്ള നേതാവ് ഹസൻ നസ്റള്ള കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം ഔദ്യോഗികമായി അറിയിച്ചു. 32 വർഷമായി ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ തലവനായിരുന്ന നസ്‌റള്ള വെള്ളിയാഴ്ച ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. “ഇനി ലോകത്തെ ഭയപ്പെടുത്താൻ ഹസൻ നസ്റള്ളക്ക് കഴിയില്ല”, ഇസ്രയേല്‍ പ്രതിരോധ സേന എക്സ് പോസ്റ്റില്‍ കുറിച്ചു. അതേസമയം, ഹിസ്ബുള്ളയോ ലബനനോ ഇതുവരെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ദക്ഷിണ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങളിലൊന്നിൽ നസ്റള്ളയുടെ മകൾ സൈനബ് കൊല്ലപ്പെട്ടതായി ഇസ്രയേലിൻ്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഹിസ്ബുള്ളയിൽ നിന്നോ ലബനന്‍ മാധ്യമങ്ങളിൽ നിന്നോ ഇതിലും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
ഷിയാ ഇസ്ലാമിസ്റ്റ് സായുധസേനയായ ഹിസ്ബുള്ളയെ കഴിഞ്ഞ 32 വർഷമായി നയിക്കുന്ന നേതാവാണ് ഷെയ്ക് ഹസന്‍ നസ്റള്ള. മുന്‍ഗാമിയായ അബ്ബാസ് അൽ മുസാവിയെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് 1992 ഫെബ്രുവരിയില്‍ നസ്റള്ള ഹിസ്ബൊള്ളയുടെ തലപ്പത്തേക്ക് എത്തുന്നത്. മാർഗദർശി കൂടിയായിരുന്ന മുവാസിയുടെ വധത്തിന് പകരം ചോദിക്കാനുള്ള ഉത്തരവാണ് 32ാം വയസില്‍ ചുമതലയേറ്റു കൊണ്ട് നസ്റള്ള ആദ്യം നടത്തിയത്.
1975ലെ ലെബനൻ ആഭ്യന്തര യുദ്ധത്തെ തുടർന്ന് 15ാം വയസിലാണ് ഷിയാ അർധ സൈന്യമായ അമലില്‍ ചേരുന്നത്. യുദ്ധം തുടരുന്നതിനിടെ പോരാട്ടത്തില്‍ നിന്ന് പിന്മാറി. പിന്നീട് ഇറാഖിൽ ഒരു ഷിയാ മതകേന്ദ്രത്തില്‍ പൗരോഹിത്യ പഠനം തുടങ്ങി. 1978ല്‍ സദ്ദാം ഹുസൈന്‍ പുറത്താക്കിയ ലബനീസ് വിദ്യാർഥികളിൽ ഒരാളായിരുന്നു നസ്റള്ള.