അർജുന് നാടിന്റെ യാത്രാമൊഴി: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കാരചടങ്ങുകൾ ഉളളുപൊളളുന്ന കാഴ്ചയായി കുഞ്ഞുമകന്റെ കരച്ചിൽ

Written by Taniniram

Published on:

കോഴിക്കോട്: കേരളത്തിന്റെ മുഴുവന്‍ സ്നേഹവും നേടിഅര്‍ജുന്‍ മണ്ണോട് അലിഞ്ഞു ചേര്‍ന്നു. മൂന്നര മാസത്തോളം ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ വിശ്രമിച്ച അര്‍ജുന്‍ 75-ാം ദിവസം സ്വന്തം വീടിന്റെ മണ്ണില്‍ എരിഞ്ഞടങ്ങി. അര്‍ജുനെ ഒരുനോക്ക് കാണാന്‍ ഒരു നാട് മുഴുവന്‍ ഇപ്പോഴും അര്‍ജുനെ ഒന്ന് കാണാന്‍ പുറത്ത് കാത്ത് നില്‍ക്കുകയാണ്. വീടിന്റെ പിന്നിലാണ് അര്‍ജുനെ സംസ്‌കരിച്ചത്. അര്‍ജുന്റെ ചിതയ്ക്ക് അനിയന്‍ അഭിജിത്ത് തീകൊളുത്തി. അര്‍ജുന്റെ മുഖം അവസാനമായി കാണാനാകാതെ വീട്ടുകാരും, അച്ഛനെ പ്രതീക്ഷയോടെ കാത്തിരുന്ന കുഞ്ഞു മകന്റെ കരച്ചില്‍ വേദനിപ്പിക്കുന്ന കാഴ്ചയായി. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാടൊന്നാകെ വീട്ടിലേക്കെത്തി. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ വരി ഒരു കിലോമീറ്ററോളം നീണ്ടു.

രാവിലെ 11.15ഓടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചു. അനിയന്‍ അഭിജിത്തും ബന്ധുക്കളുമാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് അര്‍ജുന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45 ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം ചിതയ്ക്ക് തീകൊളുത്തി.
കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. പിന്നീട് പൊതുദര്‍ശനവും നടന്നു.

Leave a Comment