അതീന്ദ്രിയ ചിത്രകലയുടെ അപൂർവതയുമായി ജോഷെ

Written by Taniniram

Published on:

കെ.ആർ.അജിത

നിറങ്ങളുടെ സങ്കലനം ചിത്രകലയിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ ഒരുപാട് അർത്ഥതലങ്ങളെ തൊട്ടുണർത്തുന്നു. ടെലിപ്പതി ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടുകയാണ് ചാലക്കുടി മേലൂർ സ്വദേശിയായ ജോഷെ. 14 വയസ്സുമുതൽ കളിമണ്ണിൽ ശില്പങ്ങൾ ഒരുക്കിയാണ് ശില്പകലയിലും ചിത്രകലയിലും ഒരു പോലെ പ്രാവീണ്യം നേടിയത്. ലാന്റ് സ്ക്കേപ്പ് ആർക്കിടെക്റ്റ് സഗരി സാമുവലിന്റെ ശിഷ്യത്വത്തിൽ ശില്പകലയുടെ സമ്പന്നതയിലേക്ക് ജോഷെ എത്തിചേർന്നു. തൃശൂർ സെന്റ് തോമസ് കോളേജിലെ പഠനകാലത്ത് ഫൈനാർട്സ് സെക്രട്ടറിയായിരിക്കുമ്പോഴാണ് ചിത്രകലയിലേക്ക് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് ജോഷെ പറയുന്നു. ചിത്രകല പഠിക്കാൻ ന്യൂഡൽഹി എൻജിഎംഎ യിൽ (നാഷണൽ
ഗാലറി ഓഫ് മോഡേൺ ആർട്ട്) അഡ്മിഷൻ ലഭിച്ചതോടു കൂടി ചിത്രകലയിലെ അതികായന്മാരായ എം.എഫ് ഹുസൈൻ, സതീഷ് ഗുജ്റാൾ, പാരീസ് മോഹൻകുമാർ എന്നിവരുടെ കീഴിൽ ചിത്രകലയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പഠനത്തിനും ചിത്രപ്രദർശനങ്ങൾക്കും വഴിയൊരുങ്ങി. 2013 ൽ ആയി ദൃശ്യകലയും അതീന്ദ്രിയതയും തമ്മിലുള്ള പാലം എന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ സീനിയർ റിസർച്ച് ഫെല്ലോ ആയിരുന്നു ജോഷെ. ലോകത്തിൽ ടെലിപ്പതി ചിത്രങ്ങൾ വരയ്ക്കുന്ന ഒരേ ഒരാൾ തൃശൂർകാരൻ കൂടിയായ ജോഷെ ആണ്.

ലോകത്തിൽ തന്നെ ഒരേ ഒരു ടെലിപ്പതിക് സ്റ്റുഡിയോ മേലൂരിലുള്ള ജോഷെയുടെ ഷീസ് ഇന്റർനാഷണൽ ആർട്ട് സെന്ററാണ്. ജോഷെയുടെ ആദ്യ ചിത്രപ്രദർശനം 1995ൽ എറണാകുളം കണ്ടംപററി ആർട്ട് ഗാലറിയിലാണ് നടന്നത്. 2020 ലാണ് ടെലിപ്പതിസത്തിലേക്ക് ശ്രദ്ധയൂന്നിയത്. ഒരു ചിത്രകാരന് ധ്യാനത്തിലൂടെ ലഭിക്കുന്ന അതീന്ദിയജ്ഞാനവും സ്വപ്നങ്ങളും ഇഴചേർന്നു വരുമ്പോൾ ഉപബോധ മനസ്സിൽ പതിഞ്ഞിരിക്കുന്ന ചിത്രശകലങ്ങൾ ഒരു ധ്യാനത്തിലൂടെ മനസ്സ് കടന്നുചെല്ലുമ്പോൾ മിഴിവേകുന്ന ചിത്രങ്ങളായി വിരൽ തുമ്പിലേക്കെത്തുന്നു. ക്യാൻവാസിൽ നിറങ്ങളുടെ ചാരുത നിറക്കുന്ന മനോഹര ചിത്രങ്ങൾ വാങ്മയങ്ങളായി നമ്മൾ ചിത്രങ്ങളിലൂടെ സഞ്ചരിക്കും. ധ്യാനമാണ് ടെലിപ്പതിസത്തിലേക്കുള്ള മാർഗ്ഗം. ഇന്ദ്രിയ സഹായമില്ലാതെയുള്ള പരസ്പര അന്ത:കരണ ജ്ഞാന വിദ്യ അഥവാ ഒരു വ്യക്തിയിൽ നിന്നു മറ്റൊരു വ്യക്തിയിലേയ്ക്കു മനുഷ്യ സംവേദനാത്മകത ഉപയോഗിക്കാതെയുള്ള വിവര കൈമാറ്റമാണ് ഇന്ദ്രിയാതീത സന്ദേശം (telepathy) എന്നറിയപ്പെടുന്നത്.

സ്വാഭാവികം, ലളിതം, ടെലിപ്പതി(അതീന്ദ്രിയത) ടെലിപ്പതി മറഞ്ഞിരിക്കുന്ന സ്വാഭാവിക ഗുണമാണ്, ചിന്തകളുടെയും ആശയങ്ങളുടെയും അറിയപ്പെടാത്ത ഇന്ദ്രിയങ്ങളിലൂടെയുള്ള സംവേദനമെന്നു നമുക്കിതിനെ പറയാം. ബോധത്തിൻ്റെ ഉയർന്ന തലങ്ങളിൽ വിഹരിക്കുന്നവർക്കു മാത്രമേ ഇതിനുകഴിയൂ എന്നാണ് ജോഷെ വിശ്വസിക്കുന്നത്. ജോഷെയുടെ 300 ടെലിപതി ചിത്രങ്ങളാണ് സ്വിറ്റ്സർലണ്ടിലെ ചിത്രകല പ്രൊമോട്ടറായ ഒലിവർ കെല്ലർ വാങ്ങികൊണ്ടുപോയിട്ടുള്ളത്. 1995 ൽ കവയിത്രിയും എഴുത്തുകാരിയുമായ മാധവിക്കുട്ടിയാണ് എറണാകുളം കണ്ടംപററി ആർട്ട് ഗാലറിയിൽ വെച്ച് തന്റെ ഒരു ചിത്രം ആദ്യമായി പണം നൽകി വാങ്ങിച്ചതെന്ന് ഇന്നും ജോഷെ അഭിമാനത്തോടെ ഓർക്കുന്നു. സമകാലിക സംഭവങ്ങളും ടെലിപതി ചിത്രകലയിലേക്ക് ജോഷെ ചേർത്തു വെയ്ക്കുന്നു.

ചിത്ര-ശിൽപ്പകലയിൽ മാത്രം ഒതുങ്ങുന്നതല്ല ജോഷെയുടെ കലാമികവുകൾ. സംഗീതരംഗത്തുും തിളങ്ങുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് ജോഷെ. സംസ്ഥാന സർക്കാരിനുവേണ്ടി എം.എ ബേബിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഭജൻസായാഹ്നവും തൃശൂർ സംഗീത നാടക അക്കാദമിയിൽ ഭജനും ഗസലും ചേർന്ന ഫ്യൂഷനും 2023ൽ തൃശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ സമകാലീന സ്നേഹ സ്വപ്ന ഗാനങ്ങൾ എന്ന പരിപാടിയും അവതരിപ്പിച്ചിട്ടുണ്ട്. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് (എൻജിഎംഎ)ലും സ്വിറ്റ്സർലണ്ട് ബേസിൽ മ്യൂസിയത്തിലും ടെലിപ്പാ ആർട്ട് കളക്ഷൻ എന്ന പേരിൽ ചിത്രപ്രദർശനം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ജോഷെ.

Leave a Comment