തൃശൂര്‍ : പട്ടാപകല്‍ സിനിമാസ്റ്റൈലില്‍ വന്‍ കവര്‍ച്ച. രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന രണ്ടര കിലോഗ്രാമിലേറെ സ്വര്‍ണമാലകളുമായി സഞ്ചരിച്ച രണ്ടുപേരെ ആക്രമിച്ചു ക്രിമിനല്‍ സംഘം കാറും സ്വര്‍ണവും തട്ടിയെടുത്തു കടന്നു. സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കോയമ്പത്തൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന കിഴക്കേക്കോട്ട നടക്കിലാന്‍ അരുണ്‍ സണ്ണി (38), ചാലക്കുടി കോട്ടാത്തുപറമ്പില്‍ റോജി തോമസ് (43) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
അരുണിന്റെ കഴുത്തില്‍ കത്തിവച്ച ശേഷം സ്വര്‍ണം എവിടെയെന്നു പറയിക്കാന്‍ ചുറ്റിക കൊണ്ടു തുടയില്‍ പലവട്ടം മര്‍ദിച്ചു. അരുണിനെ കുട്ടനെല്ലൂരിലും റോജിയെ പാലിയേക്കരയിലും ദേശീയപാതയോരത്ത് ഉപേക്ഷിച്ച ശേഷം സ്വര്‍ണം സഹിതം കാറുമായി പ്രതികള്‍ എറണാകുളം ദിശയിലേക്കു രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 11.25നു ദേശീയപാതയില്‍ വഴുക്കുംപാറ കല്ലിടുക്കില്‍ നടന്ന സംഭവത്തെക്കുറിച്ചു പൊലീസിനു ലഭ്യമായ വിവരങ്ങളിങ്ങനെ: തൃശൂരില്‍ നിന്നു കോയമ്പത്തൂരിലെ ആഭരണനിര്‍മാണ ശാലയിലേക്കു സ്വര്‍ണം പണിയിക്കാന്‍ കൊണ്ടുപോയ ശേഷം മടങ്ങുകയായിരുന്നു അരുണും റോജിയും. 2.60 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലകളാണു വണ്ടിയിലുണ്ടായിരുന്നത്. സുരക്ഷാകാരണങ്ങളാല്‍ കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദേശീയപാതയിലൂടെ ഏറെനേരമായി ഇവരുടെ വണ്ടിയെ 3 കാറുകള്‍ പിന്തുടര്‍ന്നിരുന്നു. കല്ലിടുക്കിലെത്തിയപ്പോള്‍ ഇതിലൊരു കാര്‍ പാഞ്ഞു മുന്നില്‍ കയറി ഇവരെ തടഞ്ഞിട്ടു. പിന്നാലെ എത്തിയ രണ്ടു കാറുകളില്‍ നിന്നുമടക്കം ആകെ 11 പേര്‍ അരുണിന്റെ വണ്ടിയെ വളഞ്ഞു. പ്രതികള്‍ മുഖം മറച്ചിരുന്നു.
അരുണ്‍ സഞ്ചരിച്ച കാറും ഗുണ്ടാസംഘം തട്ടിയെടുത്തു. ഒറ്റനോട്ടത്തില്‍ കാറില്‍ സ്വര്‍ണം കാണാതിരുന്നതോടെ രഹസ്യ അറയില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന സംശയത്തില്‍ ഇവര്‍ അരുണിന്റെ തുടയില്‍ ചുറ്റിക കൊണ്ടു തുടരെ മര്‍ദിച്ചു. സ്വര്‍ണം എവിടെയാണെന്നു പറയാന്‍ തയാറാകാതിരുന്നതോടെ അരുണിനെ കുട്ടനെല്ലൂരില്‍ ഉപേക്ഷിച്ചു. കാര്യമായി ഉപദ്രവിക്കാതെ റോജിയെ പാലിയേക്കരയിലും ഉപേക്ഷിച്ചു. വണ്ടി നീങ്ങിയത് എവിടേക്കെന്ന കാര്യത്തില്‍ പൊലീസിനു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണു സൂചന.