തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സ് ആപ്പിലൂടെ പഠനസംബന്ധമായ വിവരങ്ങളും നോട്ട്സുകളും നല്‍കുന്നതില്‍ വിലക്കേര്‍പ്പെടുത്തി ഹയര്‍സെക്കന്ററി അക്കാദമിക് വിഭാഗം സര്‍ക്കുലര്‍ ഇറക്കി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പെടെയുള്ള പഠനസംബന്ധമായ കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലെ മെസേജിങ് ആപ്പുകള്‍ വഴി നല്‍കുന്നതിനാണ് വിലക്ക് വന്നിരിക്കുന്നത്.
നോട്ടുകള്‍ വാട്‌സ്പ്പിലൂടെ അയക്കുന്നത് കുട്ടികള്‍ക്ക് പഠനത്തില്‍ അമിതഭാരമുണ്ടാക്കുന്നതായും നോട്ടുകള്‍ പ്രിന്റൗട്ട് എടുക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവുന്നതായും ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ ബാലാവകാശകമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹയര്‍ സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ആര്‍. സുരേഷ് കുമാര്‍ വാട്ടസ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഴി നോട്ട്സുകള്‍ അയക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോവിഡ് കാലംമുതലാണ് ഇത്തരത്തില്‍ നോട്ട്‌സുകള്‍ അയക്കുന്ന രീതി ആരംഭിച്ചത്.