പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കാനെത്തിയ രാജവെമ്പാലയെ വകവരുത്തുന്ന വളർത്തുനായയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പിറ്റ്ബുൾ ഇനത്തിൽപെട്ട ജെന്നി എന്ന വളർത്തുനായയുടെ സാഹസികത എങ്ങും ചർച്ചാവിഷയമാണ്.
ഉത്തർപ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. പഞ്ചാബ് സിംഗ് എന്നയാളുടെ വീട്ടിലെ ജോലിക്കാരിയുടെ മക്കൾ വീട്ടിൽ നിന്ന് കളിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടികളുടെ അടുത്തേക്ക് ഒരു രാജവെമ്പാല ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. പാമ്പിനെ കണ്ടു കുട്ടികൾ അലറിവിളിക്കുകയും ചെയ്യുന്നുണ്ട്.
കുട്ടികളുടെ നിലവിളി കേട്ടതോടെ ജെന്നി തുടൽ പൊട്ടിച്ച് ഓടിയടുക്കുകയാണ്. പാമ്പിനെ ജെന്നി കടിച്ച് കുടയുന്നു. ജെന്നിയുടെ ഈ രക്ഷാപ്രവർത്തനം ഇതാദ്യമായല്ല. മുൻപും 8 ഓളം പാമ്പുകളെ ജെന്നി കീഴ്പ്പെടുത്തിയിട്ടുണ്ടെന്നും വീട്ടുടമയായ പഞ്ചാബ് സിംഗ് പറയുന്നു. പിറ്റ്ബുൾ ഇനത്തിൽ പെട്ട നായയെ വളരെ അപകടകാരിയായ ഒരു ഇനമായാണ് പലരും കണക്കാക്കിയിരിക്കുന്നത്. എന്നാൽ അത്തരം മുൻധാരണങ്ങളെല്ലാം തിരുത്തി ഒരു രക്ഷകനായും ഈ നായ മാറാം എന്നുകൂടെ തെളിയിക്കുകയാണ് ഈ വീഡിയോ.