നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം നടക്കുന്നതിനിടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുകയാണ് പോലീസ് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തും. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ പോലീസ് രാത്രി പരിശോധന നടത്തി.
സിദ്ദിഖിൻ്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. എന്നാല്‍ അതിന് വേണ്ടി കാത്ത് നില്‍ക്കേണ്ടെന്നും അറസ്റ്റിന് നിയമതടസമില്ലെന്നുമാണ് പോലീസ് പറയുന്നത്. സിദ്ദിഖിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
സംഘങ്ങളായി തിരഞ്ഞായിരുന്നു പോലീസ് അന്വേഷണം. വിധി വന്നതിനുപിന്നാലെ, സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും ചൊവ്വാഴ്ച രാവിലെത്തന്നെ പോലീസ് എത്തി. രണ്ടുവീടുകളും അടഞ്ഞുകിടക്കുകയായിരുന്നു. ആലുവയിലെ വീട്ടില്‍ തിങ്കളാഴ്ച സിദ്ദിഖിന്റെ കാര്‍ കണ്ടിരുന്നതായി ചില പരിസരവാസികള്‍ പറഞ്ഞിരുന്നു.