സ്വർണവില വർദ്ധനവിൽ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. വലിയ കയറ്റിറക്കങ്ങളാണ് സെപ്റ്റംബർ മാസം ഉണ്ടായത്. മാസം ആദ്യം തന്നെ വിലയിൽ നേരിയ വർദ്ധനവാണ് ഉണ്ടായത്. എന്നാൽ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തുന്നത്.
ആഭരണപ്രിയരെ കടുത്ത നിരാശയിലാഴ്ത്തി സ്വർണ വില ഇന്നും റെക്കോർഡ് തകർത്ത് പുതിയ ഉയരത്തിൽ. ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. 480 രൂപ വർധിച്ച് 56,480 രൂപയാണ് പവൻ വില. ഇന്നലെയാണ് ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഗ്രാം വില 7,000 രൂപയും പവൻ വില 56,000 രൂപയും കടന്നത്. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപ; ഗ്രാമിന് 390 രൂപയും. കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയും വർധിച്ചു. ജിഎസ്ടിയും ഹോൾമാർക്ക് ഫീസും മിനിമം പണിക്കൂലിയും അടക്കം ഇന്ന് 61,140 രൂപയെങ്കിലും കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ.
18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 45 രൂപ മുന്നേറി പുതിയ ഉയരമായ 5,840 രൂപയിലെത്തി. വെള്ളി വിലയും ഉയരുകയാണ്. ഗ്രാമിന് രണ്ടുരൂപ വർധിച്ച് വില 98 രൂപയായി. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിക്കുന്നതാണ് കേരളത്തിലും സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇന്നലെ കുറിച്ച ഔൺസിന് 2,636 ഡോളർ എന്ന റെക്കോർഡ് തകർത്ത രാജ്യാന്തര സ്വർണവില ഇന്ന് 2,668 ഡോളർ വരെ എത്തി. അമേരിക്കയിൽ വീണ്ടും പലിശ കുറയാനുള്ള സാധ്യത, ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം എന്നിവയാണ് സ്വർണവിലയെ മുന്നോട്ട് നയിക്കുന്നത്.