അഹമ്മദാബാദ് (Ahammedabad) : ഗുജറാത്തിലെ ദാഹോദിലാണ് സംഭവം നടന്നത്. പീഡനശ്രമം എതിർത്തതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂൾ പ്രിൻസിപ്പൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഗോവിന്ദ് നട്ടിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം സ്കൂളിൽ കോമ്പൗണ്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച വെെകീട്ടാണ് ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് 10 സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
മകൾ എല്ലാദിവസവും ഗോവിന്ദിനൊപ്പമാണ് സ്കൂളിൽ പോയിരുന്നതെന്ന് കുട്ടിയുടെ മാതാവ് പൊലീസിനോട് പറഞ്ഞു.കുട്ടിയെ സ്കൂളിൽ വിട്ടുവെന്നാണ് ഗോവിന്ദ് മൊഴി നൽകിയത്. എന്നാൽ പ്രിൻസിപ്പലിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് അയാളുടെ ഫോൺ ലൊക്കേഷൻ വിവരങ്ങൾ പരിശോധിച്ചു. ഇതിൽ പ്രതി അന്ന് വെെകിട്ട് സ്കൂളിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രിൻസിപ്പൽ കുറ്റം സമ്മതിക്കുകയായിരുന്നു.
‘രാവിലെ 10.20ഓടെ പ്രിൻസിപ്പൽ പെൺകുട്ടിയെ അവളുടെ വീട്ടിൽ നിന്ന് കാറിൽ കൂട്ടിക്കൊണ്ടുപോയി. പക്ഷേ ആ ദിവസം കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന് വിദ്യാർത്ഥികളും അദ്ധ്യപകരും പറയുന്നു. സ്കൂളിൽ പോകുന്ന വഴിയിൽ വച്ച് തന്നെ ഗോവിന്ദ് കുട്ടിയെ ലെെംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി ഇത് എതിർത്ത് ബഹളം വച്ചപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം കുട്ടിയുടെ മൃതദേഹം കാറിൽ തന്നെ വച്ചു. വെെകിട്ട് അഞ്ച് മണിയോടെ പ്രതി മൃതദേഹം സ്കൂൾ കെട്ടിട്ടതിന് പിന്നിൽ വലിച്ചെറിയുകയും കുട്ടിയുടെ സ്കൂൾ ബാഗും ഷൂസും ക്ലാസ് മുറിക്ക് സമീപം വയ്ക്കുകയുമായിരുന്നു’,- പൊലീസ് പറഞ്ഞു.