കാലിക്കറ്റ് ഗ്ലോബേഴ്‌സിന്റെ കൂറ്റനടികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് കപ്പ് സ്വന്തമാക്കി കൊല്ലം ഏരീസ് സെയ്‌ലേഴ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഉയര്‍ത്തിയത് നിശ്ചിത 20 ഓവറില്‍ 213 റണ്‍സ്. അതിലും മാരക പ്രഹരശേഷിയോടെ ബാറ്റുവീശിയ കൊല്ലം ഏരീസ് സെയ്ലേഴ്സ്, പന്തുകള്‍ ബാക്കിയിരിക്കേ ലക്ഷ്യം മറികടന്നു. അങ്ങനെ പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടമെന്ന പൊന്‍തൂവല്‍ കൊല്ലം സെയ്ലേഴ്സ് സ്വന്തംപേരില്‍ ചേര്‍ത്തു. മത്സരം അക്ഷരാര്‍ഥത്തില്‍ കേരളത്തിന്റെ അഭിമാന താരങ്ങളായ രോഹന്‍ കുന്നുമ്മലും സച്ചിന്‍ ബേബിയും തമ്മിലായിരുന്നു എന്നുപറഞ്ഞാലും തെറ്റാവില്ല. ആ അര്‍ഥത്തില്‍ കേരള ക്രിക്കറ്റിന് അഭിമാനംകൂടിയായി മാറി ഈ ഫൈനല്‍. സ്‌കോര്‍: കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്- 213/6 (20 ഓവര്‍). കൊല്ലം സെയ്ലേഴ്സ്- 214/4 (19.1 ഓവര്‍).
ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സെഞ്ചുറിത്തികവോടെ മുന്നില്‍നിന്ന് നയിച്ചതാണ് കൊല്ലം സെയ്ലേഴ്സിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. വിക്കറ്റ് നഷ്ടപ്പെടാതെ സച്ചിന്‍ നേടിയത് 54 പന്തില്‍ 105 റണ്‍സ്. ഇതില്‍ ഏഴ് സിക്സും എട്ട് ഫോറും അകമ്പടി ചേരുന്നു. മൂന്നാംവിക്കറ്റില്‍ സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെത്തന്നെ കളി കാലിക്കറ്റിന്റെ കൈയില്‍നിന്ന് പോയി.