വനിതാ ഡോക്ടർമാർക്ക് രാത്രി ജോലിക്ക് വിലക്കേർപ്പെടുത്തിയ പശ്ചിമ ബംഗാൾ സർക്കാരിൻ്റെ വിജ്ഞാപനത്തില്‍ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സ്ത്രീകൾക്ക് സുരക്ഷ കൂട്ടുകയല്ലാതെ അവരോട് രാത്രി ജോലി ചെയ്യേണ്ടെന്ന് പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. “സ്ത്രീകൾ രാത്രി ജോലി ചെയ്യരുതെന്ന് നിങ്ങൾക്കെങ്ങനെ പറയാനാവും? വനിതാ ഡോക്ടർമാരെ നിയന്ത്രിക്കുന്നതെന്തിനാണ്? അവർക്ക് ആനുകൂല്യമല്ല വേണ്ടത്. അവർ ഏത് ഷിഫ്റ്റിലും ജോലി ചെയ്യാൻ തയ്യാറാണ്”- ചീഫ് ജസ്റ്റിസ് പറഞ്ഞു. കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ സ്വമേധയായെടുത്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യങ്ങള്‍. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നാണ് വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി ബംഗാൾ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.
കൊല്ലപ്പെട്ട ഡോക്ടറുടെ പേരും ഫോട്ടോയും നീക്കം ചെയ്യാൻ വിക്കിപീഡിയോട് നിർദേശിച്ച് സുപ്രീം കോടതി. ബലാത്സംഗം ചെയ്യപ്പെട്ട ഡോക്ടറുടെ അന്തസ് സംരക്ഷിക്കുന്നതിനായി, ഇവരുടെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകനും സോളിസിറ്റർ ജനറലുമായ തുഷാർ മെഹ്ത്തയാണ് ഇക്കാര്യം കോടതിയിൽ സൂചിപ്പിച്ചത്. പിന്നാലെ അത് നീക്കം ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം മുന്നോട്ട് വെച്ചത്.