പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാള്‍. രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് ബിജെപി നേതൃത്വം ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ പര്‍വ്’ എന്ന ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും ശുചിത്വ ഡ്രൈവുകളും സംഘടിപ്പിക്കും. പ്രധാനമായും ആശുപത്രികളിലും സ്‌കൂളുകളിലും മറ്റ് പൊതു സ്ഥലങ്ങളിലുമായിരിക്കും ഇവ സംഘടിപ്പിക്കുക. മോദിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സേവാ പര്‍വ് രണ്ടാഴ്ച നീണ്ടുനില്‍ക്കും.
1950 സെപ്തംബര്‍ 17 ന് ഗുജറാത്തിലെ മെഹ്സാന പട്ടണത്തിലായിരുന്നു നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ജനനം. 1971-ലാണ് അദ്ദേഹം ഗുജറാത്തില്‍ ആര്‍. എസ്. എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയത്. പിന്നീട് 1985ല്‍ അദ്ദേഹം ബിജെപിയില്‍ എത്തി. തുടര്‍ന്ന് 2001 വരെ പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുകയും ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഉയരുകയും ചെയ്തു. 2001 മുതല്‍ 2014 വരെ തുടര്‍ച്ചയായി മൂന്ന് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സേവനമനുഷ്ഠിച്ചു. 2014-ല്‍ ആദ്യമായി അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഇപ്പോള്‍ മൂന്നാം തവണയും അദ്ദേഹം അധികാരത്തില്‍ തുടരുകയാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ 100-ാം ദിനവും ഇന്ന് തന്നെയാണ് .