ഇന്ന് അത്തം … ഇനി ഓണനാളുകളിലേക്ക്‌…

Written by Web Desk1

Published on:

ഉരുൾപൊട്ടൽ ദുരന്ത ഓർമകളെ വകഞ്ഞ്‌ നാട്‌ ഓണനാളുകളിലേക്ക്‌. അത്തം പിറക്കുന്നതോടെ പൂവിളികൾ ഉയരും. പൂക്കളങ്ങൾ ഒരുങ്ങും. അതിജീവനത്തിന്റെ ഓണമാണ്‌ ഇത്തവണ വയനാട് ജില്ലയിൽ. പതിവ്‌ തെറ്റിക്കാതെ ഇത്തവണയും കർണാടകത്തിലെ ഗുണ്ടൽപ്പേട്ട്‌, മൈസൂരു ഭാഗങ്ങളിൽ നിന്നുള്ള പൂക്കളെത്തും. വരും ദിവസങ്ങളിൽ പൂക്കടകൾ സജീവമാവും. ഓണ വിപണി ലക്ഷ്യമിട്ട്‌ വാണിജ്യ സ്ഥാപനങ്ങളിലും ഒരുക്കമായി. ജീവനക്കാർക്കും തൊഴിലാളികൾക്കുമെല്ലാം ബോണസും മറ്റ്‌ ആനുകൂല്യങ്ങളും ലഭിച്ചുതുടങ്ങിയത്‌ ഓണക്കാലത്തിന്‌ ഉണർവേകും.

ഓണത്തിന്‌ മുമ്പുതന്നെ മൂന്നുമാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ സർക്കാർ വിതരണം ചെയ്യും. ഒരു മാസത്തെ പെൻഷൻ ഇതിനകം നൽകി. ജില്ലയിൽ 1,22,119 പേരാണ്‌ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്‌. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കർഷക തൊഴിലാളികൾ എന്നിവരെല്ലാം പെൻഷൻ കിട്ടുന്നതിന്റെ ആഹ്ലാദത്തിലാണ്‌. കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ ശനി ആരംഭിക്കും. ജില്ലയിൽ രണ്ട്‌ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 25 സഹകരണസംഘങ്ങളിലുമായി 27 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്.

ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനംവരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും. കുടുംബശ്രീയുടെയും കൃഷിവകുപ്പിന്റെയും ഓണച്ചന്തകളും വരുംദിവസങ്ങളിൽ പ്രവർത്തനമാരംഭിക്കും.
ഓഫറുകൾക്ക്‌ ക്ഷാമമില്ല

ഓണക്കാലമായതോടെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം ഓഫറുകളുടെ പെരുമഴയാണ്‌. വിലക്കുറവിനൊപ്പം ആകർഷകമായ സമ്മാനങ്ങളുമൊരുക്കി വിപണി കൈയടക്കാനുള്ള ശ്രമത്തിലാണ്‌ പ്രധാന സ്ഥാപനങ്ങളെല്ലാം. ഇലക്ട്രോണിക്സ്‌ ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയെല്ലാം സമ്മാന കൂപ്പണുകളടക്കം നൽകുന്നുണ്ട്‌. ബ്രാൻഡഡ് ഉൽപ്പന്നങ്ങളും വിലക്കിഴിവുമായാണ് വിൽപ്പന. വസ്‌ത്രശാലകൾ, ഇലക്ട്രോണിക്സ്‌ കടകൾ, മൊബൈൽ ഷോപ്പുകൾ, സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയെല്ലാം വിപണി കീഴടക്കും.

See also  മാർച്ച് 15 ന് മുമ്പ് രാജ്യത്തു നിന്ന് സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയോട് മാലദ്വീപ്

Related News

Related News

Leave a Comment