ശില്പ ഭംഗിയിൽ വിജയന്റെ തൃക്കാക്കരയപ്പൻമാർ

Written by Taniniram

Updated on:

കെ.ആർ അജിത

ഓണം പടിവാതിക്കൽ എത്തി നിൽക്കുമ്പോൾ നെടുപുഴ ശ്രീകൃഷ്ണ കരകൗശല ശാലയിൽ തിരക്കിട്ട പണിയിലാണ് വിജയൻ. വീടിനോട് ചേർന്ന വിജയന്റെ പണിശാലയിൽ ചെറുതും വലുതുമായ തൃക്കാക്കരയപ്പൻ വിൽപ്പനയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. മണ്ണ് കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കിയിരുന്നത് പഴംകഥയായി മാറി. മണ്ണും വൃക്ഷവും പ്രകൃതിയുടെ വരദാനങ്ങളാവുമ്പോൾ മരത്തിൽ തീർത്ത തൃക്കാക്കരയപ്പന്മാർക്ക് ഇന്ന്പ്രി യമേറുന്നു. 25 വർഷത്തിലേറെയായി മരത്തിൽ കൊത്തുപണി മേഖലയിൽ ജോലി ചെയ്ത് വരികയാണ് നെടുപുഴ കൊല്ലയിൽ വിജയൻ. തൃശൂർ ചൊവ്വൂരിലുള്ള പണിശാലയിൽ ഗൃഹോപകരണ നിർമ്മാണമായിരുന്നു ആദ്യകാലങ്ങളിൽ ചെയ്ത് വന്നിരുന്നത്.

കുഞ്ഞിലേ എന്തു കയ്യിൽ കിട്ടിയാലും അത് മനോഹരമായ ഒരു ശില്പമാക്കി മാറ്റാൻ ഉള്ളൊരു കഴിവ് ഉണ്ടായിരുനെന്ന് വിജയൻ പറയുന്നു. തൃശ്ശൂർ വലിയാലുക്കലിൽ ഗോവിന്ദൻ എന്നയാളുടെ ശില്പാലയ എന്ന സ്ഥാപനത്തിൽ വെറുതെ പോയിരിക്കുക പതിവായിരുന്നു. അവിടെനിന്നാണ് ശില്പകലയിൽ കൂടുതൽ താല്പര്യം ഉണ്ടാകുന്നതും കൊത്തുപണിയിൽ പരിശീലനം നേടിയതും. 2017 മുതൽ ശില്പങ്ങൾ ഉണ്ടാക്കാൻ ആരംഭിച്ചു. നാലേകാൽ അടി വലിപ്പമുള്ള തൃക്കാക്കരയപ്പന് 1500 ആണ് വില. മാവ്, വാക മരങ്ങളിൽ നിർമ്മിച്ച കുഞ്ഞൻ തൃക്കാക്കരയപ്പന്മാർ വലിപ്പമനുസരിച്ച് 50, 100 രൂപയാണ് വില. തേക്ക് തടിയിൽ നിർമ്മിക്കുന്ന ഓണത്തപ്പൻ വർഷങ്ങളോളം ഉപയോഗിക്കാം അതിന് വില അൽപ്പം കൂടും. വർഷങ്ങളായി തൃശൂർ ചേറ്റുപുഴയിൽ പൂജാവസ്തുക്കൾ വിൽക്കുന്ന കടയ്ക്കടുത്ത് ഓണത്തിനു മുന്നോടിയായുള്ള ദിവസങ്ങളിൽ വില്പന നടത്തുകയാണ് പതിവ്. കൂടാതെ തൃശൂരിലെ പൂജാവസ്തുക്കൾ വിൽക്കുന്ന കടകളിലും കൊടുക്കാറുണ്ടെന്ന് വിജയൻ പറഞ്ഞു.

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മരപ്പണിക്ക് പോയിടത്ത് വീട്ടുപകരണങ്ങൾ നിർമ്മിച്ച ശേഷം ബാക്കി വരുന്ന ഉപയോഗ ശൂന്യമായ മരക്കഷ്ണങ്ങൾ കത്തിച്ചു കളയുന്നത് കണ്ട് വളരെ ദു:ഖം തോന്നി. ഉപയോഗശൂന്യമായ ഈ മരക്കഷ്ണങ്ങൾ കൊണ്ട് എന്തൊക്കെയുണ്ടാക്കാം എന്ന ചിന്തയിൽ നിന്നാണ് ശില്പകലയിലേക്ക് വിജയൻ ചുവട് മാറ്റിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും കുറഞ്ഞ വിലയിൽ ഉപയോഗശൂന്യമായ തടിക്കഷ്ണങ്ങൾ കൊണ്ട് വന്നാണ് വിജയന്റെ പണിശാലയിൽ ശില്പങ്ങൾ ഒരുക്കുന്നത്.

ഈശ്വര ശില്പങ്ങൾ, പറ, തൂക്കിയിടുന്ന ഭസ്മക്കൊട്ട, ക്ഷേത്രങ്ങളിലേക്കുള്ള രാശിപ്പലക, മനോഹരമായ ആവണപ്പലക, നിലവിളക്ക്, ആന, മയിൽ, പരുന്ത് തുടങ്ങി വാൾ ഹാങ്ങറുകൾ, കീ ചെയിൻ മോഡലുകൾ ഉൾപ്പെടെയുള്ള ശില്പങ്ങളുടെ പറുദീസയാണ് വിജയന്റെ വീട്. സർഗാലയ ആർട്ട് ആന്റ് ക്രാഫ്റ്റ് ഫെസ്റ്റിവെൽ, ഡെക്കറേറ്റ് ഓഫ് ആർട്ട് ആന്റ് കൾച്ചർ ഫെസ്റ്റ്, കൊച്ചിൻ ക്രാഫ്റ്റ് ഫെസ്റ്റിവെൽ 2023, മലബാർ ക്രാഫ്റ്റ് മേള സരസ് ഫെയർ 2019, വേൾഡ് ഹെറിറ്റേജ് ആർട്ട് ആന്റ് ക്രാഫ്റ്റ് ഫെസ്റ്റിവെൽ എന്നിവയിൽ ശില്പ പ്രദർശനം നടത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനത്തിൽ ശില്പങ്ങളുടെ ഡിസ്പ്ലേ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട് വിജയൻ. ശില്പ പ്രദർശനവുമായി ബാംഗ്ലൂർ, തമിഴ്നാട്, ഗോവ, കോഴിക്കോട്, തിരുപ്പതി തുടങ്ങി ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. 15 രൂപ മുതൽ 25000 രൂപ വരെയുള്ള ശില്പങ്ങൾ വിജയന്റെ ശ്രീകൃഷ്ണ കരകൗശല ആലയത്തിലുണ്ട്. ഷുഗർ രോഗാവസ്ഥയുള്ളവർക്കായി ഞാവൽ മരത്തിൽ തീർത്ത പാത്രങ്ങൾ വരെ വിജയന്റെ ശില്പ ശേഖരത്തിലുണ്ട്.
വയനാട് ദുരന്തത്തിന് കൈതാങ്ങ് എന്ന നിലയിൽ ചേറ്റുപുഴയിൽ ശില്പങ്ങൾ വിറ്റതിന്റെ പണം തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് നേരിട്ടു കൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം വിജയന്റെ മുഖത്തു തെളിഞ്ഞു നിൽക്കുന്നു. നാല് സെന്റ് സ്ഥലത്ത് വീടും പണിശാലയും കഴിഞ്ഞ് കഷ്ടപ്പെട്ട് നിർമ്മിച്ചെടുത്ത ശില്പങ്ങൾ വെയ്ക്കുവാൻ സ്ഥലപരിമിതിമൂലം വിജയന് കഴിയുന്നില്ല. അവസാന മിനുക്കു പണിയും കഴിഞ്ഞ ശില്പങ്ങൾ മഞ്ഞും മഴയുമേറ്റ് നശിക്കുന്ന അവസ്ഥയും ഉണ്ട്. വീടിനു മുകളിൽ ശില്പങ്ങൾ വെയ്ക്കാനുള്ള സംവിധാനം ഒരുക്കാൻ ലോണിന് അപേക്ഷിച്ചിട്ട് കിട്ടാഞ്ഞതും ഈ കലാകാരന് വെല്ലുവിളിയാകുന്നു.

See also  വര്‍ക്കലയില്‍ സ്‌കൂബാ ഡൈവ് ടീം ആഴക്കടലില്‍ കണ്ടത് ഡച്ച് കപ്പല്‍;കണ്ടെത്തിയത് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ്…യഥാര്‍ത്ഥ കഥയിങ്ങനെ

തൃശൂർ മാഹാരാജാസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇരിങ്ങാലക്കുട അവിട്ടത്തൂർ ഗവൺമെന്റ് സ്കൂൾ, ഷൊർണ്ണൂർ സെന്റ് തെരാസസ് സ്കൂൾ എന്നിവിടങ്ങളിൽ ശില്പകലാ പരിശീലനം നൽകിയിട്ടുണ്ട് വിജയൻ. തൃശൂർ കോലോത്തും പാടത്തുള്ള ഹാന്റിക്രാഫ്റ്റ് സർവ്വീസ് സെന്ററാണ് പ്രദർശന വിവരങ്ങൾ വിജയന് കൈമാറുന്നത്. വിജയന്റെ ശില്പചാരുതയിൽ വർണ്ണം പകരാൻ പ്രോത്സാഹനമായി ഭാര്യ ശാലിനിയും മക്കളായ തീർത്ഥയും തനയും ഒപ്പം അമ്മയും കൂടെയുണ്ട്. അന്ത്യ അത്താഴം, യേശുദേവൻ, തംബുരു മീട്ടുന്ന ഗണപതി, ഫ്രെയിം ചെയ്ത തേക്കിൽ തീർത്ത ഗണപതി ഇങ്ങനെ ദൈവശില്പങ്ങൾ കാവൽ നിൽക്കുന്ന കൊല്ലയിൽ വീട്ടിൽ നിന്നും ഓണത്തോടനുബന്ധിച്ചുള്ള അടുത്ത ശില്പ പ്രദർശനത്തിനായി കോഴിക്കോട്ടേയ്ക്ക് യാത്രപറഞ്ഞിറങ്ങി വിജയൻ..

Related News

Related News

Leave a Comment