പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ മത്സരത്തിൽ തൃശൂര്‍ ടൈറ്റന്‍സിനെതിരേ ആലപ്പുഴ റിപ്പിള്‍സിന് അഞ്ച് വിക്കറ്റ് ജയം. 92 റണ്‍സുമായി മുഹമ്മദ് അസ്ഹറുദീന്‍ ടീമിന്‍റെ വിജയ ശിൽപിയായി. 47 പന്തില്‍ ഒന്‍പത് സിക്‌സറുകളും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു അസറുദ്ദീൻ്റെ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് 161 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം മറികടക്കാൻ ആലപ്പുഴ റിപ്പിള്‍സിന് 18.3 ഓവർ വേണ്ടി വന്നുള്ളൂ. ടോസ് നേടിയ ആലപ്പുഴ ബൗളിംഗ് തെരഞ്ഞെടുക്കുകയാരുന്നു.
ആലപ്പുഴയ്ക്കു വേണ്ടി ആദ്യ ഓവര്‍ എറിഞ്ഞ ഫായിസ് ഫനൂസിന്‍റെ ആദ്യ പന്തില്‍ തന്നെ തൃശൂരിന്റെ ഓപ്പണര്‍ അഭിഷേക് പ്രതാപിന്റെ വിക്കറ്റ് നഷ്ടമായി. അക്ഷയ് മനോഹറാണ് തൃശൂരിൻ്റെ ടോപ് സ്കോറർ. 44 പന്ത് നേരിട്ട അക്ഷയ് അഞ്ച് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 57 റണ്‍സ് സ്വന്തമാക്കി. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് ആലപ്പി റിപ്പിള്‍സിന് വേണ്ടി ആനന്ദ് ജോസഫ് മൂന്നു വിക്കറ്റും മൂന്ന് ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് ഫാസില്‍ ഫനൂസ് രണ്ട് വിക്കറ്റും നേടി.
ആറരയ്ക്ക് നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസിഡര്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ മുഖ്യാതിഥിയായി. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അരുൺ വിജയ് ആലപിച്ചു. വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസിഡർ കീർത്തി സുരേഷ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍ എന്നിവര്‍ പങ്കെടുത്തു.