തിരുവിതാംകൂർ സഹകരണസംഘം തട്ടിപ്പ്: നഷ്ടമായത് 30 കോടി…

Written by Web Desk1

Updated on:

തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘത്തിലെ ക്രമക്കേടിലൂടെ നഷ്ടമായത് 30 കോടി രൂപയെന്ന് സഹകരണവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. നിക്ഷേപങ്ങൾക്ക് സഹകരണ സംഘം രജിസ്ട്രാർ നിഷ്‌‌കർഷിക്കുന്നതിലധികം പലിശ നൽകുക, അനുവാദമില്ലാതെ കളക്ഷൻ ഏജന്റുമാരെ നിയമിച്ച് അവർക്ക് കമ്മിഷൻ നൽകുക, ഓരോ ആവശ്യങ്ങൾക്കായി രാഷ്ട്രീയ കക്ഷികൾക്കും മറ്റുള്ളവർക്കും നൽകിയ സംഭാവനകൾ എന്നിവയാണ് സംഘത്തെ നഷ്ടക്കയത്തിലാക്കിയതെന്നും വഞ്ചിയൂർ യൂണിറ്റ് ഇൻസ്‌പെക്ടർ സജീർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായാണ് നിക്ഷേപങ്ങൾക്കുള്ള പലിശ രജിസ്ട്രാർ നിശ്ചയിക്കുന്നത്. നിലവിൽ 8.5 ശതമാനമാണ് പലിശ. എന്നാൽ ആളും തരവും നോക്കി സംഘത്തിൽ ചിലരുടെ നിക്ഷേപങ്ങൾക്ക് രണ്ട് ശതമാനം വരെ അധികം പലിശ നൽകി. സംഭാവനകൾ നൽകാൻ ഓരോസംഘത്തിനും ബഡ്‌ജറ്റ് വിഹിതം നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ അധികമായി സംഭാവന നൽകാൻ പാടില്ലെന്ന വ്യവസ്ഥയും ലംഘിച്ചു. കളക്ഷൻ ഏജന്റുമാർ പിരിച്ചെടുക്കുന്ന തുകയെ അടിസ്ഥാനപ്പെടുത്തിയാണ് സംഘങ്ങൾ കമ്മിഷൻ നൽകുക. നിലവിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന കമ്മിഷൻ ഒന്നു മുതൽ ഒന്നരശതമാനം വരെയാണ്.

അതിലധികം നൽകുന്നത് നിയമവിരുദ്ധമാണ്. ഓരോസംഘത്തിനും മാസാന്ത്യത്തിൽ വരവ് ചെലവ് പരിശോധിക്കാൻ ആഭ്യന്തര അക്കൗണ്ട്സ് കമ്മിറ്റിയെ വയ്‌ക്കണമെന്നും നിയമമുണ്ട്. നഷ്ടം കണ്ടെത്തുന്നതിൽ അവർക്ക് വീഴ്‌ച വന്നിട്ടുണ്ടാകുമെന്നാണ് അന്വേഷണത്തിലൂടെ തെളിയുന്നത്. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇതിന് മൂന്നുമാസത്തോളമെടുക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രക്കേടുകൾക്ക് ഉത്തരവാദികളായവരിൽ നിന്ന് പണം തിരിച്ചുപിടിക്കും.

See also  സിദ്ധാർത്ഥന്റെ കുടുംബത്തിന് വേണ്ടി സമരം ചെയ്യുന്നവർക്ക് ഗുരുവായൂരിൽ ഐക്യദാർഢ്യം

Related News

Related News

Leave a Comment