സിനിമാമേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്ന് തുടരന്വേഷണത്തിന് മാര്‍ഗ്ഗരേഖ തയ്യാറാക്കി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി.
ഇതുമായിബന്ധപ്പെട്ട് ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസര്‍മാരെ കൂടാതെ മറ്റ് മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഇന്റലിജന്‍സ് എഡിജിപിയും യോഗത്തിനെത്തി. അതിനിടെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നീ നടന്‍മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ നടി പരാതി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.