തിരുവനന്തപുരം (Thiruvananthapuram) : തലസ്ഥാന നഗരത്തെ വിറപ്പിച്ച് തെരുവുനായ ആക്രമണം. ഓടിനടന്ന് കടിച്ചത് അൻപതിലേറെ പേരെയെന്ന് റിപ്പോർട്ട് . ഒരു നായ തന്നെയാണ് പത്ത് കിലോമീറ്റർ ഓടി എല്ലാവരെയും കടിച്ചതെന്നാണ് വിവരം. ഇതിന് പേവിഷബാധയുള്ളതായാണ് സംശയിക്കുന്നത്
ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . നേമം സ്റ്റുഡിയോ റോഡിൽ ഗുരുതരമായ കടിയേറ്റ സ്ത്രീയെ ആംബുലന്‍സിലാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. ജനറൽ ആശുപത്രിയിൽ 30-ഓളം പേരും മെഡിക്കൽ കോളേജിൽ 12 പേരും ചികിത്സ തേടിയെത്തി. നേമം ശാന്തിവിള ആശുപത്രിയിലും 8 പേർ ചികിത്സ തേടിയിട്ടുണ്ട്. ചികിത്സ തേടിയ എല്ലാവർക്കും പേവിഷ വാക്സിൻ കൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.